തീരുമാനം പ്രവര്‍ത്തകരുടെ വികാരം മാനിച്ച് ജോസഫ് ഉള്‍ക്കൊള്ളുമെന്ന് കരുതുന്നു ;കെ.എം മാണി

കോട്ടയം : പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെന്ന് കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണി. പ്രവര്‍ത്തകരുടെ വികാരം ജോസഫ് ഉള്‍ക്കൊള്ളുമെന്ന് കരുതുന്നു. ജോസഫ് വൈകാരികമായി പ്രതികരിക്കുന്ന ആളല്ല. ജോസഫിനോടും മോന്‍സിനോടും സംസാരിച്ചെന്നും മാണി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗത്തെയും ചേര്‍ത്ത് നിര്‍ത്തി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് കോട്ടയത്ത് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്ത തോമസ് ചാഴികാടന്‍ അറിയിച്ചു. തന്നെ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്ത തീരുമാനം എല്ലാവരോടും കൂടിയാലോചനകള്‍ നടത്തിയതിന് ശേഷമാണ്. അപ്രതീക്ഷിത നീക്കമെന്ന് വേണമെങ്കില്‍ പറയാം. ജോസഫ് വിഭാഗം പോകുമെന്ന് കരുതുന്നില്ലെന്നും ചാഴികാടന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് സമയത്ത് സീറ്റിനായും സ്ഥാനാര്‍ത്ഥികള്‍ക്കായുമുള്ള ചര്‍ച്ചകള്‍ നടക്കും. അതില്‍ ഒരു തീരുമാനമായാല്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകും. കേരളത്തിലെയും കേന്ദ്രത്തിലെയും സര്‍ക്കാരുകള്‍ മാറണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ആ അഭിലാഷം നിറവേറ്റുവാന്‍ യുഡിഎഫിനെ പിന്തുണയ്ക്കണമെന്നും ചാഴിക്കാടന്‍ ആവശ്യപ്പെട്ടു.

Top