നികത്താനാകാത്ത നഷ്ടം; കെഎം മാണിയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) ചെയർമാൻ കെഎം മാണിയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

നികത്താനാകാത്ത നഷ്ടമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കെഎം മാണിയുടെ വിടവാങ്ങൽ കേരള കോൺഗ്രസ്സിനു മാത്രമല്ല, കേരളത്തിനാകെ നികത്താനാകാത്ത നഷ്ടമാണുണ്ടാക്കിയിരിക്കുന്നതെന്നും പ്രഗത്ഭനായ നിയമസഭാ സമാജികനേയും കേരളത്തിൻറെ പ്രശ്‌നങ്ങൾ പഠിച്ച് അവതരിപ്പിച്ചിരുന്ന ശ്രദ്ധേയനായ രാഷ്ട്രീയ നേതാവിനെയുമാണ് നഷ്ടമായിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലവരുടെയും സ്‌നേഹാദരങ്ങൾക്ക് പാത്രമായിരുന്നു കെ.എം മാണി. പുതിയ നിയമസഭാ സമാജികർക്ക് മാതൃകയാക്കേണ്ട നിരവധി കാര്യങ്ങൾ അദ്ദേഹത്തിൻറെ വ്യക്തിത്വത്തിലുണ്ട്. കേരളത്തിൻറെ പൊതുതാൽപര്യങ്ങൾ വിശേഷിച്ച് കർഷകരുടെ താൽപര്യങ്ങൾ സഭയിൽ ഉന്നയിക്കുന്നതിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധ പതിപ്പിച്ചു, മുഖ്യമന്ത്രി വ്യക്തമാക്കി.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് 4.57നായിരുന്നു അന്ത്യം. കേരള രാഷ്ട്രീയത്തിലെ അതികായന്റെ വിടവാങ്ങലില്‍ രാഷ്ട്രീയകേരളം ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്.

അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി രാവിലെ മെച്ചപ്പെട്ടിരുന്നുവെങ്കിലും ഉച്ചയോടെ നില ഗുരുതരമാവുകയായിരുന്നു. ഒന്നരമാസം മുമ്പാണ് ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കെ എം മാണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദീര്‍ഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു . ആശുപത്രിയിലെത്തുമ്പോള്‍ ശ്വാസകോശ അണുബാധയും ഉണ്ടായിരുന്നു

Top