KM Mani issue; Muslim league prepare for political game

മലപ്പുറം : യു.ഡി.എഫിലെ കാര്യങ്ങള്‍ ഭദ്രമല്ലാത്ത സാഹചര്യത്തില്‍ നിലനില്‍പ്പിന്റെ രാഷ്ട്രീയക്കളിക്ക് മുസ്ലീംലീഗും തയ്യാറെടുക്കുന്നു.

കെ.എം.മാണിയുടെ കേരള കോണ്‍ഗ്രസ്സില്ലാതെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരാന്‍ കഴിയില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ മാണി നിലപാട് മാറ്റിയില്ലെങ്കില്‍ ലീഗും നിലപാട് പുനഃപരിശോധിക്കണമെന്ന ആവശ്യം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ശക്തമാണ്.

മാണി ബി.ജെ.പിയുമായി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂട്ടുകെട്ട് ഉണ്ടാക്കിയാലും ഇല്ലെങ്കിലും ഇടത് പാളയത്തില്‍ ഒടുവില്‍ എത്തിച്ചേരാനുള്ള സാധ്യതയാണ് ലീഗ് നേതൃത്വം കാണുന്നത്.

നിലവില്‍ ജോസഫ് വിഭാഗത്തോടൊപ്പമുള്ള ഒരു വിഭാഗം കേരള കോണ്‍ഗ്രസ്സ് നേതാക്കള്‍ കൂടുമാറി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഇടത് പാളയത്തിലെത്തിയതിനാല്‍ ഇനി പി.ജെ. ജോസഫിനെ യു.ഡി.എഫിന് കിട്ടിയിട്ടും വലിയ പ്രയോജനമൊന്നുമില്ലെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിഗമനം.

മുന്‍പ് പഞ്ചായത്ത് തിരഞ്ഞെടുപ്പിലടക്കം ഇടതുമായി സഹകരിച്ച ചരിത്രമുള്ളതിനാല്‍ മുങ്ങുന്ന കപ്പലിനേക്കാള്‍ ഭേദം ഇടതുപക്ഷത്തേക്ക് ചേക്കേറുന്നതാണ് നല്ലതെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. ലീഗുമായി സഹകരണമാവാമെന്ന തരത്തില്‍ സിപിഎം മുഖപത്രത്തില്‍ വന്ന മുഖപ്രസംഗത്തെയും പ്രതീക്ഷയോടെയാണ് ഈ വിഭാഗം കാണുന്നത്.

കടുത്ത ലീഗ് വിരോധിയായ വി.എസ്. അച്ചുതാനന്ദന്റെ എതിര്‍പ്പുകള്‍ക്ക് പുതിയ സാഹചര്യത്തില്‍ സി.പി.എമ്മില്‍ വലിയ പ്രസക്തി ഉണ്ടാവില്ല എന്നും കേന്ദ്ര നേതൃത്വം പോലും കേരള നേതൃത്വത്തിന്റെ നിലപാടുകള്‍ അംഗീകരിക്കേണ്ട സാഹചര്യമുള്ളത് ലീഗിന്റെ മുന്നണി പ്രവേശനത്തിന് ‘ശുഭ’ പ്രതീക്ഷ നല്‍കുന്നതായാണ് രാഷ്ട്രീയനിരീക്ഷകരും വിലയിരുത്തുന്നത്.

കേരള കോണ്‍ഗ്രസ്സിന്റെ ‘മറ’ പിടിച്ച് ജെ.ഡി.യുവും ആര്‍.എസ്.പിയിലെ പ്രബല വിഭാഗവും ഇടത് ചേരിയില്‍ എത്താനുള്ള സാധ്യതയും നിലവില്‍ സജീവമാണ്.

ചുരുക്കി പറഞ്ഞാല്‍ മാണിയുടെ നിലപാട് തന്നെയായിരിക്കും ലീഗ് രാഷ്ട്രീയത്തിന്റെയും ഗതി നിര്‍ണ്ണയിക്കുക. ഇടത് പക്ഷത്തെ രണ്ടാം കക്ഷിയായ സി.പി.ഐ ക്ക് നിയമസഭയില്‍ 19 അംഗങ്ങള്‍ ഉള്ളപ്പോള്‍ യു.ഡി.എഫിലെ രണ്ടാം കക്ഷിയായ മുസ്ലീം ലീഗിന് 18 അംഗങ്ങള്‍ മാത്രമാണ് ഉള്ളത്.

ശക്തിയുടെ കാര്യത്തില്‍ ഒറ്റയ്ക്ക് നിന്നാല്‍പോലും ഭൂരിപക്ഷത്തിന് ജയിക്കുന്ന നിരവധി മണ്ഡലങ്ങള്‍ ലീഗിനുണ്ട്. സി.പി.ഐ ക്കാകട്ടെ ഒറ്റ സീറ്റില്‍ പോലും ഒറ്റയ്ക്ക് നിന്നാല്‍ ജയിക്കാന്‍ മാത്രമല്ല ബഹുഭൂരിപക്ഷം സീറ്റുകളിലും കെട്ടിവച്ച കാശുപോലും ലഭിക്കില്ല.

സി.പി.എമ്മിന്റെ ശക്തമായ അടിത്തറയില്‍ മാത്രം ഘടകകക്ഷികള്‍ എം.എല്‍.എ മാരെ സൃഷ്ടിക്കുന്ന ഇടതുപക്ഷത്തെ ചരിത്രമല്ല യു.ഡി.എഫിന്

മുസ്ലീം ലീഗും കേരള കോണ്‍ഗ്രസ്സും മുന്നണിയിലില്ലെങ്കില്‍ എത്ര സീറ്റ് യു.ഡി.എഫ് സംവിധാനത്തിന് കിട്ടുമെന്ന് ചോദിച്ചാല്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍പോലും വഴിമാറി പോവും. വിരലിലെണ്ണാവുന്ന സീറ്റുകള്‍ക്കപ്പുറം ഒരിക്കലും ആ സംഖ്യ പോവില്ല. അതും നിലവിലെ രാഷ്ട്രീയ സാഹചര്യം അനുകൂലമാണെങ്കില്‍ മാത്രം. മലബാറിലും മധ്യതിരുവിതാംകൂറിലും പൂര്‍ണ്ണമായും മറ്റിടങ്ങളില്‍ വിജയസാധ്യതയെയും അത്തരമൊരു സാഹചര്യം കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളെ ബാധിക്കും.

സിപിഎം-ലീഗ്-കേരള കോണ്‍ഗ്രസ്സ് മുന്നണി യാഥര്‍ത്ഥ്യമാകുകയാണെങ്കില്‍ കേരളം മൊത്തത്തില്‍ തൂത്തുവാരാന്‍ പറ്റുമെന്ന കാര്യത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്ക് പോലും മറിച്ചഭിപ്രായമില്ല.

മുസ്ലീംലീഗില്‍ സി.പി.എം നേതൃത്വമായി വളരെ അടുത്ത ബന്ധമാണ് പി.കെ. കുഞ്ഞാലിക്കുട്ടി, വഹാബ് എം.പി എന്നിവര്‍ക്കുള്ളത്. പാര്‍ട്ടിയില്‍ ഇരുനേതാക്കളും ഇരുവിഭാഗങ്ങളെയാണ് പ്രതിനിധീകരിക്കുന്നതെങ്കിലും സിപിഎമ്മിനോടുള്ള സമീപനത്തിന്റെ കാര്യത്തില്‍ ഏക അഭിപ്രായക്കാരാണ്. ഈ യാഥാര്‍ത്ഥ്യം തന്നെയാണ് കോണ്‍ഗ്രസ്സിന്റെ ചങ്കിടിപ്പ് കൂട്ടുന്നത്.

മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുമായി അടുത്ത ബന്ധമുള്ള കുഞ്ഞാലിക്കുട്ടിയും വഹാബും മുന്‍കൈ എടുത്ത് മറുകണ്ടം ചാടാന്‍ തീരുമാനിക്കുകയും സി.പി.എം അത്തരമൊരു നീക്കത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്താല്‍ കേരള രാഷ്ട്രീയത്തിന്റെ ചരിത്രം തന്നെ മാറും. അടുത്ത തിരഞ്ഞെടുപ്പിലും ഭരണമില്ലാതെ പുറത്തിരിക്കേണ്ട സാഹചര്യം വന്നാല്‍ ലീഗിന് പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവും ഇപ്പോഴത്തെ നീക്കങ്ങള്‍ക്ക് പിന്നിലുണ്ട്.

ഇത്തരമൊരു ഘട്ടം വന്നാല്‍ സി.പി.ഐക്ക് യു.ഡി.എഫ് പാളയത്തിലേക്ക് പോവേണ്ടിവരുമെന്നും മറ്റ് ഇടത് കക്ഷികള്‍ നിഷ്പ്രഭമായി പോവുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

ലീഗിനും കേരള കോണ്‍ഗ്രസ്സിനുമായി 40 സീറ്റുകള്‍ മാറ്റിവച്ചാല്‍ തന്നെ സി.പി.എം ന് ഒറ്റക്ക് 100 സീറ്റില്‍ മത്സരിക്കാന്‍ കഴിയുകയും ചെയ്യും. ലീഗ് വിരോധത്തിന്റെ പുറത്ത് മാത്രം പിടിച്ച് നില്‍ക്കുന്ന മലപ്പുറം ഉള്‍പ്പെടെയുള്ള മലബാറിലെ ജില്ലകളിലെ പ്രവര്‍ത്തകരുടെ വികാരം സി.പി.എമ്മിനെ എങ്ങനെ ബാധിക്കുമെന്നതും പ്രസക്തമായ കാര്യമാണ്.

സി.പി.എമ്മിനകത്ത് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താക്കളായതിനാല്‍ പഴയ ബംഗാള്‍ പോലെ ഭരണം കുത്തകയാക്കി വയ്ക്കാന്‍ കിട്ടുന്ന അവസരം പ്രയോജനപ്പെടുത്തുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. വെള്ളിയാഴ്ചത്തെ ദേശാഭിമാനി പത്രത്തിലെ മുഖപ്രസംഗം പോലും ഈ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ഇത്തരമൊരു സാഹചര്യം വന്നാല്‍ അത് സി.പി.എമ്മില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെങ്കിലും സംഘടനാ സംവിധാനവും കേഡര്‍ സംവിധാനവും ഉപയോഗിച്ച് വെല്ലുവിളി അതിജീവിക്കാന്‍ സി.പി.എമ്മിന് കഴിയുമെന്ന് വിശ്വസിക്കുന്നവരുമുണ്ട്.

അണിയറയിലെ ഈ ‘യാഥാര്‍ത്ഥ്യം’ തിരിച്ചറിഞ്ഞാണ് കോണ്‍ഗ്രസ്സ് മാണിയെ പ്രകോപിപ്പിക്കാതെ അനുനയ പാത സ്വീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Top