km mani included case investigating officer get threat.

കൊച്ചി: മുന്‍മന്ത്രി കെ.എം.മാണി ഉള്‍പ്പെട്ട കോഴി നികുതി വെട്ടിപ്പ് കേസന്വേഷിച്ച ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ പുറത്ത്. ആദ്യം കേസന്വേഷിച്ച വാണിജ്യ നികുതി ഇന്‍സ്‌പെക്ടര്‍ ശ്രീരാജ് കെ.പിള്ളയെയാണ് 2012ല്‍ ക്വട്ടേഷന്‍ സംഘം വധിക്കാന്‍ ശ്രമിച്ചത്.

ഇതിനുപിന്നാലെ സര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെ ശ്രീരാജിനു പൊലീസ് സംരക്ഷണം നല്‍കി. ശ്രീരാജ് ഉള്‍പ്പെട്ട സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് ആധാരമാക്കിയാണ് ഇപ്പോള്‍ വിജിലന്‍സ് മാണിക്കെതിരെ കേസെടുത്തിട്ടുള്ളത്.

2012ല്‍ നടന്ന ഒരു വധശ്രമക്കേസുമായി ബന്ധപ്പെട്ട് കൊല്ലത്തുനിന്നും ഒരു ക്വട്ടേഷന്‍ സംഘം പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്യുന്നതിനിടെ സംഘാംഗങ്ങളിലൊരാളുടെ പോക്കറ്റില്‍നിന്നും ഒരു ഫോട്ടോ ലഭിച്ചു.

തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ തൃശൂരിലെ വാണിജ്യ നികുതി ഇന്റലിജന്‍സ് വിഭാഗത്തിലെ ഇന്‍സ്‌പെക്ടറായ ശ്രീരാജ് കെ.പിള്ളയുടേതാണ് ഈ ഫോട്ടോയെന്നു തിരിച്ചറിഞ്ഞു.

ഇതിനുപിന്നാലെ ശ്രീരാജ് കെ.പിള്ളയ്ക്ക് അടിയന്തരമായി സുരക്ഷ ഒരുക്കണമെന്ന് അന്ന് ഇന്റലിജന്‍സ് മേധാവിയായിരുന്ന ടി.പി. സെന്‍കുമാര്‍ തൃശൂര്‍ പൊലീസ് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിന്റെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

2011 ല്‍ കോഴി നികുതി വെട്ടിപ്പ് കേസന്വേഷിച്ച സംഘത്തിലെ അംഗമായിരുന്നു ശ്രീരാജ്.

കോഴിഫാം ഡീലര്‍മാര്‍ക്കു നികുതിയിളവ് അനുവദിച്ചും ആയുര്‍വേദ സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങളുടെ നികുതി വെട്ടിക്കുറച്ചും സര്‍ക്കാരിന് 200 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നാണ് മാണിക്കെതിരായ കേസ്.

ഒരു ഇറച്ചിക്കോഴി കമ്പനിയില്‍ നിന്ന് നികുതി ഇനത്തില്‍ സര്‍ക്കാരിന് കിട്ടേണ്ടിയിരുന്ന 65 കോടി രൂപയുടെ കുടിശ്ശിക മാണി സ്റ്റേ ചെയ്തു.

ഇതിലൂടെ കോഴിക്കമ്പനി കോടികളുടെ ലാഭം ഉണ്ടാക്കി. ഇതിനു പുറമേ നാല് ആയുര്‍വേദ കമ്പനികള്‍ക്കും നികുതി ഇളവ് നല്‍കി ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നും മാണിക്കെതിരെ വിജിലന്‍സ് റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു

Top