km mani in udf

mani

തിരുവനന്തപുരം : യുഡിഎഫിലേക്ക് കെ.എം. മാണി തിരിച്ചു വരുമെന്നു പൂര്‍ണമായും വിശ്വസിക്കുന്നുവെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മാണി തിരിച്ചു വരണമെന്നാണ് യുഡിഎഫിലെ എല്ലാവരുടെയും ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

കെ എം മാണി യുഡിഎഫിലേയ്ക്ക് മടങ്ങിവരുന്നത് സംബന്ധിച്ച് പി ടി തോമസ് എംഎല്‍എ പറഞ്ഞത് കെപിസിസിയുടെ അഭിപ്രായമല്ലെന്ന് കെപിസിസി അധ്യക്ഷന്‍ എം എം ഹസ്സന്‍ പറഞ്ഞു. കെ എം മാണിയെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയതല്ല. അദ്ദേഹം സ്വയം പുറത്തുപോയതാണെന്നും ഹസ്സന്‍ വ്യക്തമാക്കി.

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടി അദ്ദേഹത്തിന്റെ പിന്തുണയും സഹായവും അഭ്യര്‍ത്ഥിച്ചതു തന്നെ കെ എം മാണി തിരിച്ചുവരരണമെന്ന ആഗ്രഹം യുഡിഎഫിനും കോണ്‍ഗ്രസിനും ഉള്ളതുകൊണ്ടാണ്. കുഞ്ഞാലിക്കുട്ടിയെ പിന്തുണയ്ക്കാനുള്ള മാണിയുടെ തീരുമാനത്തെ യുഡിഎഫ് സ്വാഗതം ചെയ്തു.

കെ എം മാണി മടങ്ങിവരണമെന്ന് തന്നെയാണ് കെപിസിസിയുടെ അഭിപ്രായം. അതുകൊണ്ടാണ് യുഡിഎഫിനെ പിന്താങ്ങാന്‍ മലപ്പുറത്ത് അദ്ദേഹം തീരുമാനമെടുത്തപ്പോള്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ എം മാണിയെ ക്ഷണിക്കാന്‍ ഉണ്ടായ കാരണം. കോണ്‍ഗ്രസിനും യുഡിഎഫിനും ഈ അഭിപ്രായം ഉള്ളതുകൊണ്ടാണ്. പിടി തോമസിന്റെ അഭിപ്രായം കെപിസിസിയുടെ അഭിപ്രായമല്ല.

പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി അഭിപ്രായം പറഞ്ഞ പിടി തോമസിനെതിരെ നടപടി എടുക്കുമോ എന്ന ചോദ്യത്തിന് അതില്ലെന്നും, ഇത് ഒരു ജനാധിപത്യ പാര്‍ട്ടിയാണെന്നും ഹസ്സന്‍ പറഞ്ഞു. എംഎല്‍എമാര്‍ ഇത്തരം കാര്യങ്ങലില്‍ അഭിപ്രായം പറയുമ്പോള്‍ പാര്‍ട്ടിയുടെ അഭിപ്രായം കൂടി മനസ്സിലാക്കാന്‍ ശ്രമിക്കണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.

Top