ഡാമുകള്‍ ഒരുമിച്ച് തുറന്നുവിട്ടത് ദുരന്തത്തിന് കാരണമായെന്ന് കെ.എം മാണി

തിരുവനന്തപുരം : കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളണമെന്ന് കെ.എം മാണി. കര്‍ഷകര്‍ക്ക് പൂര്‍ണ്ണമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും മാണി നിയമസഭയില്‍ പറഞ്ഞു. കാര്യക്ഷമമായ ഡാം മാനേജ്‌മെന്റ് ഉണ്ടായില്ലന്നും ഡാമുകള്‍ ഒരുമിച്ച് തുറന്നുവിട്ടത് ദുരന്തത്തിന് കാരണമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അര്‍ധരാത്രി എന്തിനാണ് മുല്ലപ്പെരിയാര്‍ തുറന്നതെന്നും മാണി ചോദിച്ചു. സര്‍ക്കാര്‍ ജനങ്ങളോട് മാപ്പ് പറയണമെന്നും കെ.എം.മാണി ആവശ്യപ്പെട്ടു.

പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്കുള്ള നഷ്ടപരിഹാരം പത്ത് ലക്ഷമായി ഉയര്‍ത്തണമെന്ന് ഏറനാട് എംഎല്‍എ പി.കെ.ബഷീറും ആവശ്യപ്പെട്ടു. വീട് തകര്‍ന്നവരോട് തകര്‍ന്ന വീടിന്റെ ചിത്രം വേണമെന്ന് വില്ലേജ് ഓഫീസര്‍മാര്‍ ആവശ്യപ്പെടുന്നതായി അറിഞ്ഞു, പ്രളയത്തില്‍ ജീവനും കൊണ്ട് ഓടുന്നവന്‍ ഫോട്ടോ എടുക്കാന്‍ നില്‍ക്കണമെന്നാണോ പറയുന്നതെന്നും ബഷീര്‍ ചോദിച്ചു.

ബാണാസുരസാഗര്‍ ഡാം രാത്രി തുറന്നു വിട്ടപ്പോള്‍ 7 പഞ്ചായത്തുകളാണ് വെള്ളത്തിലായത്. ആരുമായും ആശയവിനിമയം നടത്താതേയും ജനങ്ങളെ അറിയിക്കാതെയുമാണ് ഡാം തുറന്നു വിട്ടത്. താമരശ്ശേരി കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായിട്ടും നാം പാഠം പഠിച്ചില്ല. ശക്തമായ മഴ പെയ്തപ്പോള്‍ തന്നെ ആളുകളെ ഒഴിപ്പിക്കണമായിരുന്നുവെന്നും അദ്ദേഹം സഭയില്‍ അറിയിച്ചു.

Top