യു.ഡി.എഫിനോട് ഒരു ചതിയും ചെയ്തിട്ടില്ല, വീക്ഷണത്തിന്റെ വീക്ഷണത്തിന് ഇടിവെന്ന് മാണി

MANI

കോട്ടയം :കോണ്‍ഗ്രസ്സ് മുഖപത്രം വീക്ഷണത്തിന്റെ വിമര്‍ശനത്തിന് മറുപടിയുമായി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം. മാണി രംഗത്ത്.

അടുത്ത കാലത്തായി വീക്ഷണത്തിന്റെ വീക്ഷണത്തിന് ഇടിവു തട്ടിയിട്ടുണ്ടെന്ന് മാണി പരിഹസിച്ചു. വീക്ഷണം കോണ്‍ഗ്രസ്സിനെ ഉപദേശിച്ചാല്‍ മതി. താന്‍ ആരെയും ചതിച്ചിട്ടില്ലന്നും മാണി പറഞ്ഞു.

അതേസമയം, മുന്നണിയില്‍ ഇല്ലാത്ത പാര്‍ട്ടി യുഡിഎഫിന് വോട്ടുചെയ്തില്ലെങ്കില്‍ എന്തു ചതിയാണുള്ളത്. കോട്ടയം ജില്ലാപഞ്ചായത്തിലെ പരാജയം ഡിസിസി വിലകൊടുത്തു വാങ്ങിയതാണെന്ന്. പ്രാദേശികമായി സഹകരിച്ചു മുന്നോട്ടുപോകാമെന്ന് കോണ്‍ഗ്രസ്സുമായി കരാറുണ്ടാക്കിയിട്ടില്ലന്നും മാണി വ്യക്തമാക്കി.

കേരള കോണ്‍ഗ്രസ്സ് ഒരു മുന്നണിയിലേക്കും പോകുന്നില്ല. കേരള കോണ്‍ഗ്രസ്സ് ശക്തിയുള്ള പാര്‍ട്ടിയാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മറ്റുള്ളവര്‍ തങ്ങളുമായി കൂട്ടുകൂടാന്‍ വരും. തുമ്മിയാല്‍ തെറിച്ചുപോകുന്ന മൂക്കല്ല കേരള കോണ്‍ഗ്രസ്സെന്നും മാണി അറിയിച്ചു.

മുന്നണിയിലെടുക്കണമെന്നു പറഞ്ഞ് കേരളാ കോണ്‍ഗ്രസ്സ് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും അടുത്ത് ചെന്നിട്ടില്ലെന്നും മാണി ചൂണ്ടിക്കാട്ടി.

വീക്ഷണം പത്രത്തില്‍ വന്ന മുഖപ്രസംഗത്തിന്റെ ഉള്ളടക്കത്തോട് കോണ്‍ഗ്രസ്സ് പാര്‍ട്ടി യോജിക്കുന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ പ്രതികരിച്ചിരുന്നു.

കപടരാഷ്ട്രീയത്തിന്റെ അപ്പസ്‌തോലനായ മാണിയുടേത്, ഗുരുഹത്യയുടെ കറ പുറണ്ട കൈകളാണെന്ന് വീക്ഷണം മുഖപ്രസംഗത്തില്‍ വിമര്‍ശിച്ചിരുന്നു.

യുഡിഎഫില്‍ നിന്നുകൊണ്ട് എല്‍ഡിഎഫ് പിന്തുണയോടെ മുഖ്യമന്ത്രിയാകാന്‍ ശ്രമം നടത്തിയെന്ന വെളിപ്പെടുത്തല്‍ കെ.എം.മാണിയുടെ രാഷ്ട്രീയ സദാചാരത്തിന്റെ കാപട്യമെന്നും വീക്ഷണം ലേഖനത്തില്‍ വ്യക്തമാക്കുന്നു.

കെ.എം ജോര്‍ജ് നെഞ്ചുപൊട്ടി മരിച്ചതിന്റെ ഉത്തരവാദി കെ.എം. മാണിക്ക് മാത്രമാണെന്നും മുഖപ്രസംഗം പറയുന്നു.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കേരളാ കോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായയുടെ മുഖപ്രസംഗത്തില്‍, കെ.എം. മാണിയ്ക്ക് എല്‍ഡിഎഫ് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തിരുന്നു എന്നും എന്നാല്‍ യുഡിഎഫ് ഐക്യത്തിനു വേണ്ടി മാണി അത് വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്നും പറഞ്ഞിരുന്നു. അതിന് മറുപടിയായാണ് ‘മാണി എന്ന മാരണം’ എന്ന തലക്കെട്ടില്‍ വീക്ഷണം മുഖപ്രസംഗം എഴുതിയത്.

Top