കെ.എം ബഷീര്‍ വാട്‌സ് ആപ്പില്‍ നിന്ന് ലെഫ്റ്റ് ആയത് ഇന്നലെ; അന്വേഷണത്തിനൊരുങ്ങി പൊലീസ്

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഒടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ മരിച്ച് നാല് മാസം പിന്നിട്ടിട്ടും അപകടം നടന്ന സ്ഥലത്തുനിന്നു കാണാതായ ഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. കേസ് അന്വേഷണത്തില്‍ ബഷീറിന്റെ ഫോണ്‍ നിര്‍ണായകമായതിനാല്‍ ക്രൈംബ്രാഞ്ച് ഹൈടെക് സെല്ലിന്റെയും മൊബൈല്‍ കമ്പനികളുടേയും സഹായം തേടി എങ്കിലും ഫോണ്‍ കണ്ടെത്താനായില്ല.

ബഷീര്‍ ഉള്‍പ്പെട്ടിരുന്ന മാധ്യമ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍നിന്നും കുടുംബ ഗ്രൂപ്പില്‍നിന്നും ഇന്നലെ രാത്രിയോടെ ബഷീര്‍ ‘ലെഫ്റ്റ്’ ആയതോടെ ഇപ്പോള്‍ഫോണ്‍ മറ്റാരെങ്കിലും ഉപയോഗിക്കുന്നോണ്ടോ എന്നുപരിശോധിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്.

ഓഗസ്റ്റ് മൂന്നാം തീയതി രാത്രിയാണ് മ്യൂസിയം ജംഗ്ഷനു സമീപമുള്ള പബ്ലിക് ഓഫിസിനു മുന്നില്‍വച്ച് കെ. എം. ബഷീര്‍ വാഹനാപകടത്തില്‍ മരിക്കുന്നത്. അപകടം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഫോണിലേക്കു സഹപ്രവര്‍ത്തകര്‍ വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയി. മറ്റേതെങ്കിലും സിം ഫോണില്‍ ഉപയോഗിക്കുന്നുണ്ടോയെന്നറിയാന്‍ ക്രൈംബ്രാഞ്ച് ഐഎംഇഐ നമ്പര്‍ പരിശോധിച്ചെങ്കിലും സഹായകരമായ വിവരങ്ങള്‍ ലഭിച്ചില്ല. അതിനിടയിലാണ് മരണം നടന്ന് നാലു മാസം പൂര്‍ത്തിയാകുന്ന വേളയില്‍ ബഷീറിന്റെ നമ്പര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍നിന്ന് ‘ലെഫ്റ്റ്’ ആകുന്നത്.

ബഷീറിന്റെ കാണാതായ ഫോണിലെ വാട്‌സ്ആപ്പ് ആരെങ്കിലും ഡിസേബിള്‍ ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ആന്‍ഡ്രോയിഡ് റീ ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്താല്‍ നമ്പര്‍ ലെഫ്റ്റ് ആയെന്ന സന്ദേശം വരാമെന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്. ഫോണില്‍ സിം ഇല്ലെങ്കിലും വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കും. ഫോണ്‍ നമ്പര്‍ ഒരുതവണ റജിസ്റ്റര്‍ ചെയ്താല്‍ സിം ഇട്ടില്ലെങ്കിലും ഫോണില്‍ വാട്‌സ്ആപ്പ് കിട്ടുമെന്നും വിദഗ്ധര്‍ പറയുന്നു.

ബഷീറിന്റെ ഫോണ്‍ കിട്ടിയ ആള്‍ ആ സിം ഊരിമാറ്റിയശേഷം വൈഫെ ഉപയോഗിച്ച് വാട്‌സ്ആപ്പ് ഡിസേബിള്‍ ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ആന്‍ഡ്രോയിഡ് റീ ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്താല്‍ ഐപി അഡ്രസ് ഉപയോഗിച്ച് ആളെ കണ്ടെത്താനാകുമെന്നും വിദഗ്ധര്‍ പറയുന്നു. ഫോണ്‍ കുറച്ചുകാലം ഉപയോഗിക്കാതിരുന്നാല്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍നിന്ന് സ്വയം ലെഫ്റ്റ് ആകില്ലെന്നും സൈബര്‍ വിദഗ്ധര്‍ വ്യക്തമാക്കി.

Top