മാധ്യമപ്രവര്‍ത്തകന്റെ അപകട മരണം: ശ്രീറാം വെങ്കിട്ടരാമനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

തിരുവനന്തപുരം: സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.മുഹമ്മദ് ബഷീറിന്റെ അപകട മരണത്തിന് കാരണമായ വണ്ടിയോടിച്ച സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

304 പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. സുഹൃത്ത് വഫ ഫിറോസിന്റെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്. ശ്രീറാം വെങ്കിട്ടരാമന്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ എത്തിയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ജാമ്യം നല്‍കരുതെന്ന വാദം പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റിമാന്‍ഡില്‍ ആണെങ്കിലും ആശുപത്രിയില്‍ തന്നെ തുടരാമെന്നാണ് കോടതി വിധിച്ചത്. ശ്രീറാമിന്റെ നട്ടെല്ലിന് ക്ഷതമുണ്ടെന്നും തുടര്‍ ചികിത്സയ്ക്ക് ആശുപത്രിയില്‍ തന്നെ തുടരേണ്ടതുണ്ടെന്നുള്ള സ്വകാര്യ ആശുപത്രി ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് ആശുപത്രിയില്‍ തുടരാമെന്ന് കോടതി വിധിച്ചത്.

ശ്രീറാമിനെതിരെ വകുപ്പ് തല നടപടിയും ഉണ്ടാകുമെന്ന് ഉറപ്പായി. പ്രതികള്‍ എത്ര ഉന്നതരായാലും പ്രതികളില്‍ ഒരാള്‍ പോലും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചിരുന്നു.

ഇന്ന് പുലര്‍ച്ചെ ഒന്നരമണിയോടെ മ്യൂസിയം പൊലീസ് സ്റ്റേഷനടുത്ത് പബ്ലിക് ഓഫീസിന്റെ മതിലിനോട് ചേര്‍ന്നായിരുന്നു അപകടം. ബഷീറിന്റെ ബൈക്കിന് പിന്നില്‍ അതേദിശയില്‍ അമിതവേഗത്തിലെത്തിയ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിക്കുകയായിരുന്നു. ബൈക്കിനെ മതിലിനോട് ചേര്‍ന്ന് കുത്തനെ ഇടിച്ചുകയറ്റിയശേഷമാണ് കാര്‍ നിന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബഷീറിനെ മ്യൂസിയം പൊലീസെത്തി ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. . ശ്രീറാമും വഫയും മാത്രമാണ് കാറിലുണ്ടായിരുന്നത്. കൊല്ലത്ത് സിറാജ് പത്രവുമായി ബന്ധപ്പെട്ട മീറ്റിംഗില്‍ പങ്കെടുത്ത് തിരുവനന്തപുരത്തെത്തിയ ശേഷം താമസസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം നടന്നത്.

Top