കെ.എം ബഷീറിന്റെ കൊലപാതകം; ശ്രീറാമിനെ മദ്യം മണത്തിരുന്നു, റിപ്പോര്‍ട്ട് ചൂണ്ടികാട്ടി മുഖ്യമന്ത്രി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ കൊലപാതകത്തില്‍ ശ്രീറാം വെങ്കിട്ടരാമന് വീണ്ടും കുരുക്ക് മുറുകുന്നു. വാഹനാപകട സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായി ഡോക്ടര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ശ്രീറാമിനെ മദ്യം മണത്തിരുന്നു എന്നാണ് സര്‍ട്ടിഫിക്കറ്റില്‍ വിശദീകരിക്കുന്നത്.

അതേസമയം ശ്രീറാം മദ്യപിച്ചതിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ സ്വകാര്യ ആശുപത്രിയില്‍ വച്ച് ശ്രമിച്ചുവെന്ന ആക്ഷേപം പരിശോധിച്ച് വരുന്നതായും നിയമസഭ ചോദ്യോത്തരവേളയില്‍ മുഖ്യമന്ത്രി പറഞ്ഞു. ഐഎഎസ് ഉദ്യോഗസ്ഥനെതിരെ പഴുതടച്ച അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി മുമ്പ് പ്രഖ്യാപിച്ചിരുന്നു.

കേസ് അന്വേഷണത്തിലും നിയമനടപടിയിലും വെള്ളം ചേര്‍ക്കാന്‍ ആരേയും അനുവദിക്കില്ല. അത്തരം ശ്രമം ആരെങ്കിലും നടത്തിയാല്‍ അവര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. കൃത്യസമയത്ത് രക്തപരിശോധന നടത്തുന്നതില്‍ പൊലീസിനുണ്ടായ വീഴ്ച പ്രത്യേകം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപത്ത് വച്ചായിരുന്നു ശ്രീറാം ഓടിച്ചിരുന്ന കാറിടിച്ച് കെ.എം ബഷീര്‍ മരിച്ചത്.

Top