km abraham-letter-vigilance director

തിരുവനന്തപുരം: തനിക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന്റെ വിവരങ്ങള്‍ ചോരുന്നതായി ചൂണ്ടിക്കാട്ടി ധനവകുപ്പ് അഡിഷണ. ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തു നല്‍കി.

അന്വേഷണ വിവരങ്ങള്‍ ചോരുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കരുതുന്നതായും അദ്ദേഹം വ്യക്തമാക്കി. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും എബ്രഹാം കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മുംബയിലെ ഫ്‌ളാറ്റില്‍ പരിശോധന നടത്താന്‍ അനുവദിക്കുന്നില്ലെന്നത് തെറ്റായ പ്രചരണമാണ്. എവിടെ വേണമെങ്കിലും അന്വേഷണം നടത്താന്‍ വിജിലന്‍സിന് അവകാശമുണ്ട്. ഏത് അന്വേഷണത്തോടും താന്‍ സഹകരിക്കുമെന്നും എബ്രഹാം കത്തില്‍ പറയുന്നു.

ഫ്‌ളാറ്റില്‍ പരിശോധന നടത്താന്‍ അനുവദിക്കുന്നില്ലെന്ന പ്രചരണം നടത്തുന്നതിലൂടെ തന്നെ അപമാനിക്കാനാണ് ശ്രമിക്കുന്നത്. നീതിപൂര്‍വമായ അന്വേഷണമാണ് താന്‍ പ്രതീക്ഷിക്കുന്നത്.

ഫ്‌ളാറ്റില്‍ പരിശോധന നടത്തുന്നതിന് വേണ്ട എല്ലാ സൗകര്യങ്ങളും താന്‍ ചെയ്തു നല്‍കാമെന്നും എബ്രഹാം കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കത്തിന്റെ പകര്‍പ്പ് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയ്ക്കും കൈമാറിയിട്ടുണ്ട്.

Top