സ്മിത്തിനും വാര്‍ണര്‍ക്കും പകരം ഐപിഎല്ലില്‍ എത്തിയത് ഇവര്‍

steve smith and david warner

രാജസ്ഥാന്‍ റോയല്‍സില്‍ സ്റ്റീവ് സ്മിത്തിന് പകരക്കാരനായി ദക്ഷിണാഫ്രിക്കന്‍ താരം ഹെന്റിച്ച് ക്ലാസന്‍. അടിസ്ഥാനവിലയായ 50 ലക്ഷത്തിനാണ് രാജസ്ഥാന്‍ റോയല്‍സ് ക്ലാസനെ സ്വന്തമാക്കിയത്. ഇന്ത്യക്കെതിരെ നടന്ന ഏകദിന പരമ്പരയിലായിരുന്നു ക്ലാസന്റെ അരങ്ങേറ്റം.

സ്റ്റീവ് സ്മിത്തിനൊപ്പം വിലക്ക് നേരിടുന്ന ഡേവിഡ് വാര്‍ണര്‍ക്ക് പകരം അലക്‌സ് ഹെല്‍സിന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെത്തും. സ്മിത്തിനും വാര്‍ണര്‍ക്കും പകരക്കാരായി മാര്‍ട്ടിന്‍ ഗപ്തില്‍, ജോ റൂട്ട്, ഹാഷിം അംല തുടങ്ങിയ വന്‍ താരങ്ങളുടെ പേരുകളാണ് ഉയര്‍ന്നുകേട്ടത്. എന്നാല്‍ അവസരം ലഭിച്ചതാകട്ടെ ക്ലാസനും ഹെല്‍സിനും.

ഇന്ത്യയുടെ കൈക്കുഴ സ്പിന്നര്‍മാരായ യുസ്‌വേന്ദ്ര ചഹലിനെയും കുല്‍ദീപ് യാദവിനെയും കൈകാര്യം ചെയ്ത രീതിയാണ് ക്ലാസന് രാജസ്ഥാന്‍ റോയല്‍സിലേക്കുള്ള വഴി തുറന്നത്. സഞ്ജു സാംസണിനും ജോസ് ബട്‌ലറിനും ശേഷം ടീമിലെത്തുന്ന മൂന്നാമത്തെ വിക്കറ്റ് കീപ്പര്‍ കൂടിയാണ് ക്ലാസന്‍.

മറുവശത്ത് ഇംഗ്ലണ്ടിനായി രാജ്യാന്തര ട്വന്റി 20യില്‍ സെഞ്ച്വറി നേടിയ ഒരേയൊരു താരമാണ് അലക്‌സ് ഹെയ്ല്‍സ്. എന്നാല്‍ ഐപിഎല്‍ ലേലത്തില്‍ ഹെയ്ല്‍സിനെ ആരും പരിഗണിച്ചിരുന്നില്ല. വാര്‍ണറുടെ ചുമതലയേറ്റെടുക്കുന്നതോടെ വലിയ വെല്ലുവിളിയാണ് ഹെയ്ല്‍സിനെ കാത്തിരിക്കുന്നത്. ഒരു കോടി രൂപക്കാണ് സണ്‍റൈസേഴ്‌സ് ഹെയ്ല്‍സിനെ സ്വന്തമാക്കിയത്.

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് മത്സരത്തിനിടെ പന്തില്‍ കൃത്രിമം കാണിച്ചതിനാണ് സ്മിത്തിനും വാര്‍ണര്‍ക്കും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

Top