മഹാസഖ്യത്തിന്റെ വിലയിരുത്തല്‍; കര്‍ണ്ണാടക വോട്ടിംഗ് പുരോഗമിക്കുന്നു

ബംഗളൂരു: കര്‍ണ്ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേയ്ക്കും രണ്ട് നിയമസഭാ മണ്ഡലങ്ങളിലേയ്ക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് ജനതാദള്‍ സഖ്യത്തിന്റെ വിലയിരുത്തല്‍ കൂടിയാകും ഈ തെരഞ്ഞെടുപ്പ് ഫലങ്ങള്‍. ആദ്യ രണ്ട് മണിക്കൂറില്‍ 6 ശതമാനമാണ് ശരാശരി പോളിംഗ് രേഖപ്പെടുത്തിയത്.

54,54,275 വോട്ടര്‍മാര്‍ 6450 പോളിംഗ് സ്‌റ്റേഷനുകളിലായാണ് വോട്ട് രേഖപ്പെടുത്തുന്നത്. 31 സ്ഥാനാര്‍ത്ഥികളാണ് അഞ്ച് മണ്ഡലങ്ങളില്‍ നിന്നുമായി മത്സരിക്കുന്നത്. ബിജെപിയ്‌ക്കെതിരെയുള്ള മത്സരം എത്രത്തോളം കടുപ്പിക്കാന്‍ മഹാസഖ്യത്തിനാകും? സഖ്യത്തിന്റെ സാധ്യതകള്‍ തുടങ്ങിയവ പരിശോധിക്കുന്നതായിരിക്കും തെരഞ്ഞെടുപ്പ് ഫലം. പ്രചരണ സമയത്ത് കോണ്‍ഗ്രസ്‌- ജെഡിഎസ് അണികള്‍ തമ്മിലുണ്ടായ അസ്വാരസ്യങ്ങള്‍ ഗുണം ചെയ്യുമെന്നാണ് ബിജെപി കണക്കുകൂട്ടല്‍.

ആറ് മണിവരെയാണ് വോട്ടെടുപ്പ് നടക്കുക. രാമനഗര മണ്ഡലത്തിലെ ഒരു പോളിംഗ് സ്‌റ്റേഷനില്‍ പാമ്പിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് പോളിംഗ് കുറച്ചു നേരം നിര്‍ത്തി വയ്‌ക്കേണ്ടി വന്നു. ഇതൊഴിച്ചാല്‍ വളരെ സമാധാനപരമായി തടസ്സങ്ങളൊന്നുമില്ലാതെയാണ് വോട്ടിംഗ് പുരോഗമിക്കുന്നത്.

പ്രമുഖരായ നേതാക്കളെല്ലാം തന്നെ വോട്ട് ചെയ്യാന്‍ എത്തിയിരിന്നു. എല്‍. ചന്ദ്രശേഖര്‍ അവസാന നിമിഷം ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്‌ ബിജെപിയ്ക്ക് വലിയ തിരിച്ചടിയായിരുന്നു.

Top