ഭഗീരഥ പ്രയത്‌നം ഫലം കണ്ടു തുടങ്ങി; രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസകരം

തിരുവനന്തപുരം: കൊവിഡിനെതിരെ കേരളം നടത്തുന്ന പോരാട്ടം ഫലം കണ്ടു തുടങ്ങിയതായി ആരോഗ്യമന്ത്രി കെകെ ശൈലജ.രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസകരമാണ്. രോഗികളുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള കോണ്ടാക്ട് ട്രേസിംഗ് കോവിഡിനെ തടയുന്നതില്‍ ഏറെ ഗുണം ചെയ്തതായി ആരോഗ്യമന്ത്രി വ്യക്തമാക്കി.

കാസര്‍കോട് ഇന്നലെ ഒരു രോഗി പോലും ഇല്ലാതിരുന്നതും ആശ്വാസകരമാണ്. കുറേപ്പേര്‍ക്കു കൂടി ഇന്ന് രോഗം ഭേദമാകും. ആരും ഗുരുതര നിലയിലില്ലെന്നും മന്ത്രി അറിയിച്ചു.

കേരളത്തിലെ ഐസൊലേഷന്‍ സിസ്റ്റം മികച്ച രീതിയിലാണ് പ്രവര്‍ത്തിച്ചത്. പത്ത് ബെഡ് വേണ്ടിടത്ത് ആയിരം ബെഡൊരുക്കിയാണ് നാം കൊവിഡിനോട് പൊരുത്തിയത്. എല്ലാ രോഗികള്‍ക്കും മികച്ച ചികിത്സ നല്‍കാന്‍ സാധിച്ചതും നിര്‍ണായകമായെന്നും മന്ത്രി പറഞ്ഞു. മറ്റു രോഗികളെ ഇതര ആശുപത്രികളിലേക്ക് മാറ്റി കൊവിഡ് ആശുപത്രികള്‍ തുടങ്ങിയതും തുണയായി.

കിറ്റുകളുടെ കുറവുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രോഗികളുമായി അടുത്ത് ഇടപഴകുന്നവര്‍ക്കാണ് റാപിഡ് ടെസ്റ്റില്‍ പ്രഥമ പരിഗണന നല്‍കുക എന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, കേരളത്തില്‍ മാത്രം രോഗികളുടെ എണ്ണം കുറഞ്ഞതുകൊണ്ട് കാര്യമില്ല. മറ്റു സംസ്ഥാനങ്ങളിലും വൈറസ് ബാധ ഇല്ലാതായാല്‍ മാത്രമേ ആശ്വസിക്കാനാകൂ. കേന്ദ്രസര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന നിര്‍ദേശം അനുസരിച്ചായിരിക്കും ലോക്ക്ഡൗണില്‍ ഇളവ് വരുത്തുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടാകുക. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് സ്വന്തം നിലയില്‍ തീരുമാനിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

Top