കെ.കെ ശൈലജയ്ക്ക് വീണ്ടും രാജ്യാന്തര പുരസ്‌കാരം

കോഴിക്കോട്: മുന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയ്ക്ക് രാജ്യാന്തര പുരസ്‌കാരം. സെന്‍ട്രല്‍ യൂറോപ്യന്‍ സര്‍വകലാശാല(സി.ഇ.യു)യുടെ 2021-ലെ ഓപ്പണ്‍ സൊസൈറ്റി പുരസ്‌കാരത്തിന് ശൈലജയെ തിരഞ്ഞെടുത്തു.

വര്‍ഷംതോറും നല്‍കിവരുന്ന ഈ രാജ്യാന്തര പുരസ്‌കാരം, സ്വതന്ത്ര സമൂഹമെന്ന ആദര്‍ശത്തിലൂന്നി പ്രവര്‍ത്തിക്കുന്ന വിശിഷ്ട വ്യക്തിത്വങ്ങള്‍ക്ക് നല്‍കുന്നതാണെന്ന് സെന്‍ട്രല്‍ യൂറോപ്യന്‍ സര്‍വകലാശാല പത്രക്കുറിപ്പില്‍ അറിയിച്ചു.

സാമ്പത്തിക ശാസ്ത്രജ്ഞനും നോബല്‍ പുരസ്‌കാര ജേതാവുമായ ജോസഫ് ഇ. സ്റ്റിഗ്ലിറ്റ്സ്, സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം നേടിയ സ്വെറ്റ്ലാന അലക്സീവിച്ച്, ഐക്യരാഷ്ട്ര സഭാ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നാന്‍ തുടങ്ങിയവര്‍ മുന്‍പ് ഓപ്പണ്‍ സൊസൈറ്റി പുരസ്‌കാരത്തിന് അര്‍ഹരായ പ്രമുഖരാണ്.

നിശ്ചയദാര്‍ഢ്യമുള്ള നേതൃത്വം, സമൂഹത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പൊതുജനാരോഗ്യ സംവിധാനം, കൃത്യതയുള്ള ആശയവിനിമയം എന്നിവയ്ക്ക് ജീവനുകള്‍ രക്ഷിക്കാന്‍ സാധിക്കുമെന്ന് കോവിഡ് 19 മഹാമാരിയുടെ കാലത്ത് കെ.കെ. ശൈലജയും പൊതുജനാരോഗ്യ വകുപ്പിലെ സമര്‍പ്പിത ജീവനക്കാരും ലോകത്തിന് കാണിച്ചുതന്നെന്ന് സി.ഇ.യു. പ്രസിഡന്റും റെക്ടറുമായ മൈക്കിള്‍ ഇഗ്‌നാറ്റിഫ് പറഞ്ഞു.

 

Top