രണ്ടാമത്തെ കൊവിഡ് മരണം; സമൂഹ വ്യാപനത്തിന് സാധ്യതയില്ല, ആശങ്ക വേണ്ട

തിരുവനന്തപുരം: കൊറോണ വൈറസ് മൂലം മരിച്ച തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയായ അബ്ദുള്‍ അസീസിനെ രക്ഷിക്കാന്‍ സാധ്യമായ എല്ലാ ചികിത്സയും നല്‍കിയിരുന്നതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ.

കേരളത്തിലെ രണ്ട് കൊവിഡ് മരണങ്ങളും തടയാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും സര്‍ക്കാരും ആരോഗ്യവകുപ്പും നടത്തിയിരുന്നു. എന്നാല്‍ രണ്ടു പേരുടേയും പ്രായവും ഇരുവര്‍ക്കും ഹൃദ് രോഗവും മറ്റു ചില അനുബന്ധരോഗങ്ങളും ഉണ്ടായിരുന്നതും തിരിച്ചടിയായെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

അസീസിന് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നതായാണ് പ്രാഥമിക നിഗമനമെന്ന് മന്ത്രി പറഞ്ഞു. ഇയാള്‍ ഗള്‍ഫില്‍നിന്നു വന്നവരുമായി ഇടപഴകിയതായും മരിച്ചയാളുടെ ബന്ധുക്കളില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.

മാര്‍ച്ച് 10-ന് തന്നെ ഇദ്ദേഹം അസുഖബാധിതനായി നിരീക്ഷണത്തിലായിരുന്നു. അതുകൊണ്ട് തന്നെ വലിയ രീതിയിലുള്ള സാമൂഹിക വ്യാപനം നടന്നിട്ടുണ്ടെങ്കില്‍ നേരത്തെ തന്നെ തിരിച്ചറിയാന്‍ സാധിക്കുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.അതേസമയം രണ്ടാമത്തെ കൊവിഡ് രോഗിയായ അസീസിന്റെ മരണത്തില്‍ അനാവശ്യ ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം രാജീവ് ഗാന്ധി ബയോ ടെക്‌നോളജി സെന്റര്‍ വികസപ്പിച്ചെടുത്ത കൊവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റിന്റെ ട്രയല്‍ റണ്‍ ഇന്നു മുതല്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ പ്രാഥമിക പരിശോധനഫലം ഐസിഎംആറിന് അയച്ചു നല്‍കി അവര്‍ അതു പരിശോധിച്ച് അംഗീകരിച്ചാല്‍ മാത്രമേ റാപ്പിഡ് ടെസ്റ്റ് വ്യാപകമായി തുടങ്ങാനാവൂ എന്നും മന്ത്രി വ്യക്തമാക്കി.

Top