സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്ന വ്യക്തി അധിക്ഷേപ പോസ്റ്റുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: കെ കെ ശൈലജ

വടകര: തനിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്ന വ്യക്തി അധിക്ഷേപ പോസ്റ്റുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ കെ ശൈലജ. കൊവിഡ് കള്ളി എന്നുള്‍പ്പെടെ വിളിച്ച് നടത്തുന്ന പ്രചാരണങ്ങളെ നിയമപരമായി നേരിടുമെന്ന് കെ കെ ശൈലജ പറഞ്ഞു. വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ശൈലജയുടെ പേര് നിശ്ചയിച്ചതിന് ശേഷം തനിക്കെതിരെ നടക്കുന്ന സോഷ്യല്‍ മീഡിയ പ്രചാരണത്തിനെതിരെ പ്രതികരിക്കുകയായിരുന്നു കെ കെ ശൈലജ. എല്ലാം ജനത്തിനറിയാമെന്നും തന്നെ തെറിവിളിച്ചെന്ന് കരുതി എതിര്‍സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുലഭിക്കില്ലെന്നും കെ കെ ശൈലജ പറഞ്ഞു.

കഴിഞ്ഞ പിണറായി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരിക്കെ പിപിഇ കിറ്റ് വാങ്ങിയതുമായി ബന്ധപ്പെടുത്തിയാണ് കെ കെ ശൈലജയ്‌ക്കെതിരെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളുയരുന്നത്. 15000 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങിയതില്‍ കുറ്റബോധമില്ലെന്നും അത് ശരിയായ നടപടിയായിരുന്നെന്നും കെ കെ ശൈലജ പറഞ്ഞു.

വൃത്തികെട്ട വാക്കുകള്‍ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിപരമായി തന്നെ അധിക്ഷേപിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുന്നത് ഉള്‍പ്പെടെ ആലോചിക്കുമെന്ന് ശൈലജ വ്യക്തമാക്കി.യഥാര്‍ത്ഥ ഐഡികള്‍ വഴിയല്ലെന്നും വ്യാജ പ്രൊഫാലുകള്‍ വഴിയാണ് തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നതെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.

Top