ജനങ്ങളുടെ ജീവനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്; കെ കെ ശൈലജ

kk-shailajaaaa

തിരുവനന്തപുരം: ജനങ്ങളുടെ ജീവനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നും ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ. കൂടുതല്‍ ക്ലസ്റ്ററുകള്‍ ഉണ്ടാകാതിരിക്കാനാണ് സര്‍ക്കാര്‍ നോക്കുന്നത്. സര്‍ക്കാര്‍ സിഎഫ്എല്‍ടിസി (കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍)കള്‍ ഉണ്ടാക്കികൊണ്ടിരിക്കുകയാണ്. രോഗ ലക്ഷണമുള്ളവരെ ഇവിടേക്ക് മാറ്റും. ഗുരുതര രോഗമുള്ളവരെ ആശുപത്രിയിലേക്കു മാറ്റും.

ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇവിടെ എത്തുന്നവര്‍ മൊബൈല്‍ ഫോണ്‍, ചാര്‍ജര്‍, കണ്ണട, മരുന്ന് (പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ക്ക്) തുടങ്ങിയ എല്ലാ അവശ്യവസ്തുക്കളും കൈവശം കരുതണം. ഭക്ഷണവും മരുന്നും ഇവിടെ നല്‍കും. ആരും മരണത്തിന് കീഴ്‌പ്പെടരുതെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

അയല്‍സംസ്ഥാനങ്ങളിലേതു പോലെ കോവിഡ് കേസുകള്‍ വര്‍ധിച്ചാല്‍ നിലവിലുളള ആരോഗ്യപ്രവര്‍ത്തകരെ തികയാത്ത അവസ്ഥ വരും. അതിനാല്‍ ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ എല്ലാവരും തയ്യാറാകണം. ഓരോ വ്യക്തിയും ശ്രദ്ധിക്കണം. ആരില്‍ നിന്നും രോഗം പകരാം എന്ന അവസ്ഥയാണ്.

സര്‍ക്കാര്‍ ആശുപത്രികള്‍ മാത്രം വെച്ച് കോവിഡ് ചികിത്സ നടത്താന്‍ സാധിക്കില്ല. സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടാം. സ്വകാര്യ ആശുപത്രി അധികൃതരുമായി ഇതുസംബന്ധിച്ച് സംസാരിച്ചിരുന്നു. അവര്‍ പൂര്‍ണ സഹകരണമാണ് വാഗ്ദാനം ചെയ്തത്. പരിശോധന, ചികിത്സ എന്നിവ സംബന്ധിച്ച നിരക്കുകള്‍ നിശ്ചയിച്ചു നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യ ആശുപത്രികള്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുക്കണം. കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയില്‍ സ്വകാര്യ ആശുപത്രികളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതില്‍ ഉള്‍പ്പെട്ട സ്വകാര്യ ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്ക് ചികിത്സ തേടാം. ആനുകൂല്യം ലഭിക്കേണ്ട രോഗിയാണെങ്കില്‍ അത് ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.

Top