നിരീക്ഷണത്തിലുണ്ടായിരുന്ന 52 പേര്‍ക്കും നിപ്പയില്ലെന്ന് സ്ഥിരീകരണം; ആശങ്കകള്‍ ഒഴിയുന്നു

nipah 1

കൊച്ചി: നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ട ആശങ്കയൊഴിയുന്നു. നിപ്പ ബാധയെ തുടര്‍ന്നു നിരീക്ഷണത്തിലായിരുന്ന 52 പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് സ്ഥിരീകരിച്ചു. നിപ്പ ബാധിതനായ വിദ്യാര്‍ഥിയുമായി അടുത്ത് ഇടപഴകിയവരായിരുന്നു ഇവര്‍. എന്നാല്‍ ഈ 52 പേരും നിരീക്ഷണത്തില്‍ തുടരുമെന്നും എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള പറഞ്ഞു.

അതേസമയം നിപ വൈറസിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. രോഗി അമ്മയോട് സംസാരിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

വിദ്യാര്‍ത്ഥിയുടെ രക്തത്തിലും തൊണ്ടയിലെ സ്രവത്തിലും വൈറസിന്റെ സാന്നിധ്യം ഇല്ലാതായെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. നിപ രോഗ ലക്ഷണങ്ങളുമായി എത്തുന്നവരുടെ രക്തം അടക്കമുള്ളവ പരിശോധിക്കാന്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സംഘം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇവര്‍ നടത്തിയ പരിശോധനയിലാണ് രോഗിയില്‍ നിപ വൈറസിന്റെ സാന്നിധ്യം കുറഞ്ഞതായി കണ്ടെത്തിയിരിക്കുന്നത്.

കടുത്ത പനി, തലവേദന, ശ്വാസതടസ്സം, നേരിയ തോതിലുള്ള സ്‌ട്രോക്ക് തുടങ്ങിയ രോഗലക്ഷണങ്ങളോടെയായിരുന്നു യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. നിപയാണെന്ന് ബോധ്യപ്പെട്ടതോടെ ഇയാളെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു.

Top