നിപ; കെ.കെ ശൈലജ ഇന്ന് ഡല്‍ഹിയ്ക്ക്; കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധനുമായി കൂടിക്കാഴ്ച നടത്താന്‍ ഇന്ന് ഡല്‍ഹിയ്ക്ക് പുറപ്പെടും. കൂടിക്കാഴ്ചയില്‍ കേരളത്തിലെ പ്രതിരോധപ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യും. കോഴിക്കോട് രീജിയണല്‍ വൈറോളജി ലാബ് എന്ന ആവശ്യവും ചര്‍ച്ചയില്‍ ഉന്നയിക്കും.

അതേസമയം, നിപ വൈറസ് ബാധിച്ച വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. കൂടാതെ, നിപ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് കേരളത്തില്‍ നിരീക്ഷണത്തിലുള്ള ആറ് പേര്‍ക്കും നിപാ ബാധയില്ലെന്നും സ്ഥിരീകരിച്ചിരുന്നു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലത്തില്‍ നിന്നാണ് നിപ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്.

ആറ് പേരുടെയും സാമ്പിളുകള്‍ കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതോടെ നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് മാത്രമാണ് നിപ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളതെന്ന് വ്യക്തമായിരിക്കുകയാണ്. വിദ്യാര്‍ത്ഥിയോട് അടുത്തിടപെട്ട രണ്ട് സുഹൃത്തുക്കളും രണ്ട് നേഴ്‌സുമാരും ഉള്‍പ്പെടെ ആറ് പേരാണ് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നത്. ഇവരുടെ സാമ്പിളുകള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു.

ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നുമാണ് സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. നിപ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലുള്ള വിദ്യാര്‍ഥി റിബാവൈറിന്‍ മരുന്നിനോട് പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Top