ഇസ്രായേല്‍ – പലസ്തീന്‍ വിഷയത്തിലെ നിലപാട് വ്യക്തമാക്കി കെ കെ ശൈലജ

കണ്ണൂര്‍: ഇസ്രായേല്‍ – പലസ്തീന്‍ വിഷയത്തിലെ നിലപാട് വ്യക്തമാക്കി മുന്‍ മന്ത്രി കെ കെ ശൈലജ. കഴിഞ്ഞ ദിവസം കെ കെ ശൈലജയുടെ ഈ വിഷയത്തിലെ പ്രതികരണത്തിനെതിരെ ഒരു വിഭാഗം കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഹമാസിനെ ഭീകരര്‍ എന്ന് പറഞ്ഞതിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നിരുന്നത്. ഇതോടെ നിലപാട് ഒരിക്കല്‍ കൂടെ വ്യക്തമാക്കി ശൈലജ ടീച്ചര്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

അധികാര ഭ്രാന്തിന്റെയും പണക്കൊതിയുടെയും അനന്തരഫലമാണ് യുദ്ധങ്ങള്‍. നിഷ്‌കളങ്കരായ അനേകം മനുഷ്യര്‍ ഓരോ യുദ്ധത്തിലും കുരുതി കൊടുക്കപ്പെടുന്നു. ബോംബാക്രമണത്തില്‍ പൊള്ളിക്കരിഞ്ഞ കുഞ്ഞുടലുകള്‍ നമ്മുടെ ഉറക്കം കെടുത്തുന്നു. ഇസ്രായേലിന്റെ ജനവാസ മേഖലയില്‍ ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തെ മന:സ്സാക്ഷിയുള്ളവരെല്ലാം അപലപിക്കും.

1948 മുതല്‍ പലസ്തീന്‍ ജനത അഭിമുഖീകരിക്കുന്ന കൊടും ക്രൂരതകള്‍ക്ക് കാരണക്കാര്‍ ഇസ്രായേലും അവരെ സഹായിക്കുന്ന സാമ്രാജ്യത്വ ശക്തികളുമാണെന്നാണ് ആദ്യ പോസ്റ്റില്‍ പറഞ്ഞതെന്ന് ശൈലജ കുറിച്ചു. ഇടതുപക്ഷം എപ്പോഴും പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും അവരുടെ ഭൂമിയില്‍ കയ്യേറ്റം നടത്തുന്ന ഇസ്രായേലിന്റെ നടപടിയെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ യുദ്ധ തടവുകാരോടും സാധാരണ ജനങ്ങളോടും ഹമാസ് കാണിച്ച ക്രൂരതയെ ന്യായീകരിക്കാന്‍ കഴിയില്ല എന്നും പോസ്റ്റില്‍ എഴുതിയിരുന്നു.

പലസ്തീന്‍ ജനതയോട് വര്‍ഷങ്ങളായി ഇസ്രായേല്‍ ചെയ്യുന്നതും ഇതേ ക്രൂരതയാണെന്നും പോസ്റ്റില്‍ എഴുതിയിരുന്നു. യുദ്ധങ്ങള്‍ നിരപരാധികളായ മനുഷ്യരെയാണ് വേട്ടയാടുന്നത്. ഇസ്രായേല്‍ ഇപ്പോള്‍ പ്രഖ്യാപിച്ച കര യുദ്ധം അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭ ഇടപെടുന്നില്ലെങ്കില്‍ ഇതിനെക്കാള്‍ വലിയ ഭീകരതകള്‍ക്കാണ് സാക്ഷ്യം വഹിക്കേണ്ടി വരിക. ഏത് യുദ്ധത്തിലും വര്‍ഗീയ ലഹളകളിലും നരകയാതനകള്‍ക്ക് വിധേയരാകുന്നത് സ്ത്രീകളും അനാഥരാകുന്ന കുട്ടികളുമായിരിക്കുമെന്നും കെ കെ ശൈലജ കുറിച്ചു.

Top