‘ഏറ്റവും നല്ല വിധിയാണ് വന്നിരിക്കുന്നത്’; കെ.കെ രമ

കൊച്ചി: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ അപ്പീലുകളിലെ ഹൈക്കോടതി വിധിയില്‍ സന്തോഷമെന്ന് ടി.പിയുടെ ഭാര്യയും വടകര എം.എല്‍.എയുമായി കെ.കെ രമ. തങ്ങള്‍ നേരത്തെ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് ഹൈക്കോടതി ശരിവച്ചിരിക്കുന്നുവെന്ന് രമ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.കെ രമ.

പൊട്ടിക്കരഞ്ഞുകൊണ്ടാണ് കെ.കെ. രമ വിധി പ്രസ്താവം കേട്ടത്. ‘ഏറ്റവും നല്ല വിധിയാണ് വന്നിരിക്കുന്നത്. ഞങ്ങള്‍ വളരെ നേരത്തെ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് ഹൈക്കോടതിയും ശരിവച്ചിരിക്കുന്നു. വിചാരണ കോടതി വിധി ഹൈക്കോടതി ശരിവെച്ചു. അതോടൊപ്പം മുന്‍ ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം കെ.കെ കൃഷ്ണന്‍, കൂത്തുപറമ്പിലെ ജ്യോതിബാബു എന്നിവര്‍ കൂടി കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

അഭിപ്രായം പറഞ്ഞതിനാണ് ചന്ദ്രശേഖരനെ പാര്‍ട്ടി ആലോചിച്ച് വെട്ടിക്കൊന്നത്. അഞ്ച് മാസം നീണ്ടുനിന്ന വാദമാണ് കോടതിയില്‍ നടന്നത്. അഭിഭാഷകര്‍ നല്ല രീതിയില്‍ കേസ് കൈകാര്യം ചെയ്തു. ഞങ്ങള്‍ നടത്തിയ പോരാട്ടത്തിന്റെ വിജയമാണ് ഇത്’, കെ.കെ. രമ പറഞ്ഞു.

സി.പി.എം തന്നെയാണ് ഇതിനകത്ത് പ്രതിയെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞു. കെ.കെ. കൃഷ്ണന്‍ അക്കാലത്തെ ഏരിയാ കമ്മിറ്റി അംഗമാണ്. അവരും കൂടെ പ്രതിയാകുന്നതോടെ പാര്‍ട്ടി നേതൃത്വത്തിന്റെ പങ്ക് പുറത്തുവരികയാണ്. വലിയ സാമ്പത്തിക സ്വാധീനവും രാഷ്ട്രീയ സ്വാധീനവുമൊക്കെ കേസിനുണ്ടായിരുന്നു.

Top