ഓലപീപ്പി കാണിച്ച് പേടിപ്പിക്കേണ്ട; കത്തിനു പിന്നില്‍ സിപിഎമ്മെന്ന് കെ.കെ രമ

വടകര: തന്റെ മകനും ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍.വേണുവിനുമെതിരെ വന്ന ഭീഷണിക്കത്തിന് പിന്നില്‍ സി.പി.എം ആണെന്ന് കെ.കെ രമ എം.എല്‍.എ. സി.പി.എമ്മിന്റെ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരേയും ഗുണ്ടാപ്രവര്‍ത്തനത്തിനെതിരേയും നിരന്തരം സംസാരിച്ച് കൊണ്ടിരിക്കുന്നത് അവരെ അസ്വസ്ഥമാക്കുന്നുണ്ട്.

ഓല പീപ്പി കാണിച്ച് പേടിപ്പിക്കേണ്ടെന്നും സി.പി.എമ്മിന്റെ ഗുണ്ടാ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരേ ഇനിയും സംസാരിച്ചുകൊണ്ടിരിക്കുമെന്നും കെ.കെ രമ പറഞ്ഞു. തന്റെ മകനെ കത്തില്‍ പരാമര്‍ശിക്കുന്നത് തന്നെ ഉദ്ദേശിച്ചാണ്. മകന്‍ രാഷ്ട്രീയത്തിലൊന്നും സജീവമല്ലാത്ത ആളാണ്. ഇത്തരം ഭീഷണിക്കത്തുകള്‍ മുന്‍പും നിരന്തരം വന്നിട്ടുണ്ട്, പരാതി കൊടുത്തിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും രമ ചൂണ്ടിക്കാട്ടി.

കോഴിക്കോട് എസ്.എം സ്ട്രീറ്റില്‍ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇവിടേയുള്ള സി.സി.ടി.വി ദൃശ്യങ്ങളും മറ്റും നോക്കിയാല്‍ കത്തിന് പുറകില്‍ ആരാണെന്ന് വ്യക്തമാവും. ഇത് നിസ്സാരമായ കാര്യമല്ല, പരാതി നല്‍കിയിട്ടുണ്ട്. പ്രതികളെ പിടികൂടാന്‍ പോലീസ് ശ്രമിക്കണമെന്നും കെ.കെ രമ പറഞ്ഞു.

 

Top