സച്ചിൻ ദേവിനെതിരെ സ്പീക്കർക്ക് പരാതിയുമായി കെകെ രമ

തിരുവനന്തപുരം: കെഎം സച്ചിൻദേവ് എംഎൽഎയ്‌ക്കെതിരെ സ്പീക്കർക്കും സൈബർ സെല്ലിനും പരാതി നൽകി കെകെ രമ എംഎൽഎ. നിയമസഭാ സംഘർഷത്തിൽ തനിക്കെതിരെ വ്യാജപ്രചാരണം നടത്തുന്നുവെന്നാണ് പരാതി. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച ചിത്രങ്ങളുടെ സ്‌ക്രീൻ ഷോട്ടുകൾ സഹിതമാണ് കെകെ രമ പരാതി നൽകിയത്.

നിയമസഭയിലെ സംഘർഷത്തിന് ശേഷം തിരുവനനന്തപുരം ജനറൽ ആശുപത്രിയിലെ ഓർത്തോ വിഭാഗത്തിലെ ഡോക്ടർ പരിശോധിച്ച ശേഷം ഡോക്ടറുടെ നിർദേശപ്രകാരമാണ് കൈക്ക് പ്ലാസ്റ്റർ ഇട്ടത്. അതിന്റെ പേരിൽ തിനിക്ക് എതിരെ പല സ്ഥലങ്ങളിൽ നിന്ന എടുത്ത ചിത്രങ്ങൾ സഹിതം വ്യാജപ്രചാരണം നടക്കുകയാണ്. അതിന് ബാലുശേരി എംഎൽഎ സച്ചിൻ ദേവ് നേതൃത്വം നൽകുന്നു. എന്താണ് തനിക്ക് പറ്റിയതെന്ന് പോലും ചോദിക്കാതെ സാമൂഹികമാധ്യമങ്ങളിൽ അപവാദ പ്രചാരണം നടത്തുകയാണ് അദ്ദേഹം ചെയ്യുന്നതെന്ന് പരാതിയിൽ പറയുന്നു.

അന്ന് നിയമസഭയിലുണ്ടായ സംഭവത്തെ തെറ്റായി വളച്ചൊടിക്കുകയാണ് സച്ചിൻ ദേവ് ചെയ്തതത്. ഒരു സാമാജിക എന്ന നിലയിൽ തന്റെ വിശ്വസ്യതയെ തകർക്കാനാണ് ബാലുശേരി എംഎൽഎയുടെ പ്രവൃത്തി എന്നും കെകെ രമ പരാതിയിൽ പറയുന്നു.

Top