നിയമനിര്‍മ്മാണ സഭകളില്‍ ആനുപാതിക സംവരണമാണ് ആവശ്യമെന്ന് കെ കെ രമ

തിരുവനന്തപുരം: നിയമനിര്‍മ്മാണ സഭകളില്‍ ആനുപാതിക സംവരണമാണ് ആവശ്യമെന്ന് കെ കെ രമ എംഎല്‍എ. 50 ശതമാനം സംവരണം ആവശ്യമെന്ന് കെ കെ രമ പറഞ്ഞു.പാര്‍ലമെന്റില്‍ വനിതാ സംവരണ ബില്‍ അവതരിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കെ കെ രമയുടെ പ്രതികരണം.വനിതാ സംവരണ ബില്‍ നിയമമാക്കാന്‍ കാത്തിരിക്കുകയാണ് സ്ത്രീകള്‍. സംവരണം ഇല്ലെങ്കില്‍ സ്ത്രീകള്‍ നേതൃപദവിയില്‍ എത്തില്ല. നല്ല കഴിവുള്ള സ്ത്രീകള്‍ സമൂഹത്തിലുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നത പദവിയിലേക്ക് സ്ത്രീകളെ പരിഗണിക്കുന്നില്ല, പുരുഷ മേധാവിത്വമാണ് ഇതിന് കാരണം.

പുരുഷന്‍ എല്ലാം കയ്യടക്കി വെച്ചിരിക്കുകയാണ്. ഇതിന് പരിഹാരം കാണാന്‍ സ്ത്രീ സംവരണം അനിവാര്യമാണ്. സ്ത്രീ സമൂഹം പ്രതീക്ഷയോടെയാണ് വനിതാ ബില്ലിനെ കാണുന്നത്. ഈ ബില്‍ പ്രതിപക്ഷത്തിന്റെ കൂടെ വിജയമാണ്. സോണിയ ഗാന്ധി യുപിഎ സര്‍ക്കാറിന്റെ കാലത്ത് ബില്ല് കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. ബില്ലിന്റെ ഉള്ളടക്കം ഉള്‍പ്പെടെ അറിഞ്ഞതിനുശേഷം കൂടുതല്‍ പറയാമെന്നും കെ കെ രമ പറഞ്ഞു.വനിതാ സംവരണ ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പുതിയ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ആദ്യബില്ലാണ് വനിതാ സംവരണ ബില്‍.

Top