പ്ലാസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി കെ കെ രമ എംഎല്‍എ

തിരുവനന്തപുരം: പ്ലാസ്റ്റർ വിവാദത്തിൽ വിശദീകരണവുമായി കെ കെ രമ എംഎല്‍എ. കയ്യില്‍ എന്തിനാണ് പ്ലാസ്റ്ററിട്ടതെന്ന് പറയേണ്ടത് ഡോക്ടറാണെന്ന് കെ കെ രമ പറഞ്ഞു. ഡോക്ട‌ർ എക്സറേ പരിശോധിച്ചാണ് പ്ലാസ്റ്ററിട്ടത്. ഇത് ചെയ്തത് പരസ്യമായിട്ടാണെന്നും കെ കെ രമ വിശദീകരിച്ചു. ഏത് ആധികാരികതയുടെ വെളിച്ചത്തിലാണ് പൊട്ടലില്ലെന്ന് പറഞ്ഞതെന്നും കെ കെ രമ ചോദിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോട് ആയിരുന്നു പ്രതികരണം

നിയമസഭയിലെ സംഘർഷത്തിൽ കെ കെ രമയുടെ കൈക്ക് പരിക്കേറ്റതിന്റെ പേരിലാണ് പുതിയ പോര്. സംഘർഷമുണ്ടായ ബുധനാഴ്ച രമയുടെ കൈക്ക് പ്ലാസ്റ്ററിട്ടതിനെ പരിഹസിച്ച് സച്ചിൻദേവ് ഇട്ട പോസ്റ്റിട്ടിരുന്നു. പിന്നാലെ വ്യാജ പ്രചാരണം നടത്തിയതിൽ സച്ചിൻ ദേവ് എംഎൽഎക്കെതിരെ കെ കെ രമ സ്പീക്കർക്കും സൈബർ പൊലീസിനും പരാതി നൽകി. സച്ചിൻ ദേവിന്റെ പോസ്റ്റാണ് തനിക്കെതിരായ സൈബർ ആക്രമണിത്തിന് തുടക്കമിട്ടതെന്നാണ് രമയുടെ പരാതി. പല സ്ഥലങ്ങളിൽ നിന്നുള്ള ഫോട്ടോകൾ ചേർത്ത് വ്യാജവാർത്ത നിർമ്മിച്ച് അപമാനിക്കാൻ സച്ചിൻ ശ്രമിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. രമയുടെ കൈക്ക് പൊട്ടലില്ലെന്ന വിവരം പുറത്തുവന്നെന്ന് പറഞ്ഞ് സച്ചിനെയും സൈബർ പ്രചാരണത്തെയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പിന്തുണച്ചിരുന്നു. പരിക്കില്ലാതെയാണ് പ്ലാസ്റ്റർ ഇട്ടതെങ്കിൽ ആരോഗ്യവകുപ്പാണ് മറുപടി പറയേണ്ടതെന്ന് രമ തിരിച്ചടിച്ചു.

നിയമസഭാ ക്ലിനിക്കിലെ ഡോക്റാണ് ആദ്യം രമയെ പരിശോധിച്ചത്. ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയത്. സംഘർഷത്തിൽ സച്ചിൻദേവ് അടക്കമുള്ള എംഎൽഎമാക്കും വാച്ച് ആന്റ് വാ‍ഡിനുമെതിരെ നടപടിയാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതിന് പിന്നാലെയാണ് സച്ചിനെതിരായ സൈബർ ആക്രമണ പരാതി. ഒരു എംഎൽഎക്കെതിരെ മറ്റൊരു എംഎൽഎൽ സൈബർ പൊലീസിന് പരാതി നൽകുന്നതും അപൂർവ്വ നടപടിയാണ്. രമയുടെ പുതിയ പരാതിയിൽ സ്പീക്കറുടേയും സൈബർ പൊലീസിന്റെയും തുടർ നടപടിക്കായി കാത്തിരിക്കുകയാണ് പ്രതിപക്ഷം.

Top