ഭര്‍ത്താവിനെ കൊന്നവര്‍ രമയെ മാനസികമായും പീഡിപ്പിക്കുന്നുവെന്ന് മുരളീധരന്‍

കോഴിക്കോട്: ആര്‍.എം.പി നേതാവ് കെ.കെ രമയ്ക്കെതിരെ കേസെടുത്ത സംഭവത്തില്‍ രമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് യു.ഡി.എഫ് രംഗത്ത്. പി ജയരാജനെ കൊലയാളിയെന്ന് വിശേഷിപ്പിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനും പൊതുജന മധ്യത്തില്‍ സ്ഥാനാര്‍ഥിയെ അപകീര്‍ത്തിപ്പെടുത്താനും രമ ശ്രമിച്ചുവെന്ന് കാണിച്ച് കോടിയേരി ബാലകൃഷണന്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രമയ്ക്കെതിരേ കേസെടുത്തിരിക്കുന്നത്.

സ്വന്തം ഭര്‍ത്താവിനെ കൊലപ്പെടുത്തിയവര്‍ രമയെ മാനസികമായി പീഡിപ്പിക്കുകയാണെന്നും, സത്യം പറഞ്ഞാല്‍ ശിക്ഷിക്കപ്പെടുന്ന സാഹചര്യമാണ് ഇവിടെ നിലനില്‍ക്കുന്നതെന്നും. രമയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും വടകരയിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ പറഞ്ഞു.

കോഴിക്കോട് കളക്ടറേറ്റില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിനെ നിയമപരമായി നേരിടും. സ്ഥാനാര്‍ഥികളെ പോലും ചിലപ്പോള്‍ സര്‍ക്കാര്‍ ജയിലിലടക്കും. അക്രമ രാഷ്ട്രീയത്തിനെതിരായ പോരാട്ടമാണ് ഞങ്ങള്‍ നടത്തുന്നത്. അക്രമത്തിനെതിരെ അക്രമം കൊണ്ട് നേരിടാനുള്ള പ്രവണ ശരിയല്ലെന്നും മുരളിധരന്‍ സൂചിപ്പിച്ചു. വടകരയില്‍ വിജയം സുനിശ്ചിതമാണ്. വയനാട് രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തുമ്പോള്‍ അത് സമീപ ജില്ലയ്ക്ക് കൂടി ഗുണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Top