നാട്ടില്‍ എത്ര ആത്മഹത്യ നടക്കുന്നു, അതിനൊന്നും മറുപടി പറയാനില്ല: കെ.സുരേന്ദ്രന്‍

കൊച്ചി: എസ്എന്‍ഡിപി ചേര്‍ത്തല യൂണിയന്‍ ഓഫീസില്‍ കെകെ മഹേശന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിക്കാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേസ് പൊലീസ് അന്വേഷിക്കുന്നുണ്ട്. നാട്ടില്‍ എത്ര ആത്മഹത്യകള്‍ നടക്കുന്നുവെന്നും അതിനെല്ലാം മറുപടി പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികളെ മടക്കി കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് സംസ്ഥാന സര്‍ക്കാര്‍ തുരങ്കം വയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊച്ചിയില്‍ എഎന്‍ രാധാകൃഷ്ണന്റെ വസതിയില്‍ ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസി വിഷയത്തില്‍ കേരള സര്‍ക്കാരിനെതിരെ പ്രക്ഷോഭവുമായി ബിജെപി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. വി.മുരളീധരന്റെ ഓഫീസിനെതിരായ ആരോപണങ്ങള്‍ കെ സുരേന്ദ്രന്‍ തള്ളി. ഇതെല്ലാം മാധ്യമസൃഷ്ടികളാണെന്നും മറുപടി പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് നിര്‍ദ്ദേശപ്രകാരമാണ് ബിജെപിയുടെ സംസ്ഥാന കോര്‍ കമ്മിറ്റി യോഗം കൊച്ചിയില്‍ ചേര്‍ന്നത്. പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാനായിരുന്നു ശ്രമം. എന്നാല്‍ ദേശാഭിമാനി മുഖപ്രസംഗത്തില്‍ വി മുരളീധരന്റെ ഓഫീസിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി.

ഡി.ആര്‍.ഡി.ഒ കേസില്‍ ഉള്‍പ്പെട്ടയാള്‍ മുരളീധരന്റെ ഓഫീസിലെ നിത്യസന്ദര്‍ശകനാണ് എന്ന ആരോപണം ചര്‍ച്ചയായി. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ ചൊല്ലി സംസ്ഥാന സര്‍ക്കാരും കേന്ദ്രമന്ത്രി വി മുരളീധരനുമായുള്ള തര്‍ക്കവും ഉന്നയിക്കപ്പെട്ടു. വി മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ കോണ്‍ഗ്രസ് ബന്ധമുള്ളവരുണ്ടെന്ന ആരോപണം പികെ കൃഷ്ണദാസ് ഉന്നയിച്ചു. യോഗത്തില്‍ വീഡിയോ കോഫറന്‍സിങ് വഴി വി മുരളീധരനും പങ്കെടുത്തിരുന്നു. വി.മുരളീധരന്റെ ഓഫീസിനെതിരായ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന നിലപാടാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ യോഗത്തിലും സ്വീകരിച്ചത്.

Top