കെ.കെ മഹേശന്റെ ആത്മഹത്യ; കുടുംബം ഹൈക്കോടതിയിലേക്ക്

kerala hc

ആലപ്പുഴ: എസ്എന്‍ഡിപി കണിച്ചു കുളങ്ങര യൂണിയന്‍ സെക്രട്ടറി കെ കെ മഹേശന്റെ ആത്മഹത്യയല്‍ കുടുംബം ഹൈക്കോടതിയിലേക്ക്. ആത്മഹത്യാപ്രേരണ കുറ്റം ഉള്‍പ്പെടെ ചുമത്തി വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. മഹേശന്റെ ഭാര്യ ഉഷാദേവിയുടെ ഹര്‍ജി ആലപ്പുഴ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഫെബ്രുവരി 10ലേക്ക് മാറ്റി.

കേസില്‍ വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്ത് കേസെടുക്കാനാകില്ലെന്ന് പൊലീസ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. മാരാരിക്കുളം പൊലീസാണ് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയോട് ഇക്കാര്യം അറിയിച്ചത്. നിലവില്‍ അസ്വാഭാവിക മരണത്തിന് എഫ്‌ഐആര്‍ ഉണ്ട്.

പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ തടസ്സമുണ്ടെന്ന പൊലീസിന്റെ വാദം കോടതി അംഗീകരിച്ചു. മഹേശന്റെ ഭാര്യ ഉഷാ ദേവി നല്‍കിയ ഹര്‍ജിയിലെ ആത്മഹത്യാപ്രേരണയും ഗൂഢാലോചനയും അടക്കമുള്ള കുറ്റങ്ങള്‍ പ്രത്യേക സംഘം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, അദ്ദേഹത്തിന്റെ സഹായി കെ കെ അശോകന്‍, ബിഡിജെഎസ് അധ്യക്ഷനും എസ്എന്‍ഡിപി ബോര്‍ഡ് അംഗവുമായ തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണമെന്ന നിര്‍ദ്ദേശത്തിന് മറുപടിയായിട്ടാണ് കേസെടുക്കാനാകില്ലെന്ന് പൊലീസ് അറിയിച്ചത്.

Top