കെ കെ ലതികയെ മർദിച്ച കേസ്; രണ്ട് എം.എൽ.എമാർക്ക് വാറന്റ്

തിരുവനന്തപുരം: മുൻ എം.എൽ.എ കെ.കെ ലതികയെ മർദിച്ചെന്ന കേസിൽ രണ്ട് പേർക്ക് വാറന്റ്. കോൺഗ്രസ് നേതാക്കളായ മുൻ കഴക്കൂട്ടം എം.എൽ.എ എം.എ വാഹിദ്, പാറശാല എം.എൽ.എയായിരുന്ന എ.ടി ജോർജ് എന്നിവർക്കാണ് കോടതി അറസ്റ്റ് വാറന്റ് അയച്ചത്. നിയമസഭയിലെ കൈയാങ്കളിക്കിടെയാണ് കുറ്റ്യാടി എം.എൽ.എയായിരുന്ന കെ.കെ ലതികയ്ക്ക് മർദനമേറ്റിരുന്നത്. കെ.കെ ലതിക തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് നൽകിയ പരാതിയിലാണ് മുൻ എം.എൽ.എമാർക്കെതിരെ കോടതി കേസെടുത്തിരുന്നത്.

നിയമസയില്‍ കൈയാങ്കളി നടന്ന ദിവസം തന്നെ കൈയേറ്റം ചെയ്തെന്നാണ് പരാതി. നിരന്തരം ആവശ്യപ്പെട്ടിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് വാറന്റ്. നിയമസഭാ കൈയാങ്കളി കേസില്‍ മന്ത്രി വി. ശിവന്‍കുട്ടി അടക്കുള്ള പ്രതികളെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ച അതേ ദിവസമാണ് ഈ വാറന്റ് എന്നതാണ് ശ്രദ്ധേയം. 2015 മാര്‍ച്ച് 13നാണ് ഇടതുപക്ഷ എം.എല്‍.എമാരുടെ പ്രതിഷേധം കൈയാങ്കളിയില്‍ കലാശിച്ചതും ഇതിനിടെ ലതികയ്ക്ക് മർദനമേറ്റതും. അന്നത്തെ ധനകാര്യ മന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാനായിരുന്നു പ്രതിഷേധം.

Top