രണ്ടാം ടി20യില്‍ ലങ്കയെ കീഴടക്കി കിവീസ്

ഡനെഡന്‍: ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടി20യില്‍ ന്യൂസിലന്‍ഡിന് ജയം. ഡനെഡിന്‍, യൂണിവേഴ്‌സിറ്റി ഓവല്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ ജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് ഒപ്പമെത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക 19 ഓവറില്‍ 141ന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ ആഡം മില്‍നെയാണ് മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് 14.4 ഓവറില്‍ സ്‌കോര്‍ മറികടന്നു. 43 പന്തില്‍ 79 റണ്‍സുമായി ടിം സീഫെര്‍ട്ട് പുറത്താവാതെ നിന്നു.

വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് ആരംഭിച്ച ന്യൂസിലന്‍ഡിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ സീഫെര്‍ട്ട്- ചാഡ് ബൗസ് (15 പന്തില്‍ 31) സഖ്യം 40 റണ്‍സ് കൂട്ടിചേര്‍ത്തു. ചാഡിനെ, കശുന്‍ രജിത പുറത്താക്കി. ചാഡ് തുടങ്ങിവച്ചത് സീഫെര്‍ട്ട് ഏറ്റെടുക്കുകയായിരുന്നു. 43 പന്തുകള്‍ നേരിട്ട സീഫെര്‍ട്ട് ആറ് സിക്‌സും മൂന്ന് ഫോറും നേടി. ക്യാപ്റ്റന്‍ ടോം ലാഥം (30 പന്തില്‍ 20) പുറത്താവാതെ നിന്നു. ഇരുവരും മൂന്നാം വിക്കറ്റില്‍ 106 റണ്‍സ് കൂട്ടിചേര്‍ത്തു.

നേരത്തെ അഞ്ച് വിക്കറ്റ് നേടിയ മില്‍നെയാണ് സന്ദര്‍ശകരെ തകര്‍ത്തത്. ധനഞ്ജയ ഡി സില്‍വ (37), കുശാല്‍ പെരേര (35) എന്നിവര്‍ക്ക് മാത്രമാണ് ന്യൂസിലന്‍ഡ് നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്. കുശാല്‍ ഉള്‍പ്പെടെ പതും നിസ്സങ്ക (9), ചരിത് അസലങ്ക (24), പ്രമോദ് മദുഷന്‍ (1), ദില്‍ഷന്‍ മദുഷനക (0) എന്നിവരെയാണ് മില്‍നെ മടക്കിയത്. കുശാല്‍ മെന്‍ഡിസ് (10), ദസുന്‍ ഷനക (7), വാനിന്ദു ഹസരങ്ക (9), മഹീഷ് തീക്ഷണ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ബെന്‍ ലിസ്റ്റര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. രചിന്‍ രവീന്ദ്ര, ഹെന്റി ഷിപ്ലി, ജെയിംസ് നീഷം എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

ഇരുവരും തമ്മിലുള്ള ആദ്യ ടി20യില്‍ സൂപ്പര്‍ ഓവറിലാണ് ശ്രീലങ്ക വിജയിച്ചത്. ഓ്കലന്‍ഡില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്‍ഡ് ഒപ്പമെത്തി. അവസാന പന്തില്‍ ദസുന്‍ ഷനകയെ സിക്‌സടിച്ച് ഇഷ് സോധിയാണ് സ്‌കോര്‍ ഒപ്പമെത്തിച്ചത്. എന്നാല്‍, സൂപ്പര്‍ ഓവറില്‍ ശ്രീലങ്ക മത്സരം സ്വന്തമാക്കി. അവസാന ടി20 എട്ടിന് ക്വീന്‍സ്ടൗണില്‍ നടക്കും.

Top