കിറ്റെക്‌സ് വിവാദം; കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കിറ്റെക്‌സ് വിവാദം കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം നിക്ഷേപ സൗഹൃദമല്ലെന്നത് പണ്ട് പറഞ്ഞു പരത്തിയ ആക്ഷേപമാണെന്നും ഇപ്പോള്‍ കേരളത്തെ കുറിച്ച് അറിയാവുന്ന എല്ലാവരും ഏറ്റവും വലിയ നിക്ഷേപ സൗഹൃദ സംസ്ഥാനമായാണ് കേരളത്തെ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോള്‍ വ്യവസായികള്‍ ഏറ്റവും നിക്ഷേപ സൗഹൃദമായാണ് കേരളത്തെ കാണുന്നത്. നീതി ആയോഗ് പ്രസിദ്ധീകരിച്ച സുസ്ഥിര വികസന സൂചികയില്‍ കേരളമാണ് ഒന്നാമതെന്നു മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ നേട്ടമാണ് കേരളത്തെ ഒന്നാമതെത്തിച്ചത്. മികച്ച ബിസിനസ് സാഹചര്യം, മനുഷ്യ മൂലധനം എന്നീ വിഭാഗങ്ങളില്‍ രണ്ടാം സ്ഥാനവും മെച്ചപ്പെട്ട നിക്ഷേപ സാഹചര്യങ്ങള്‍ എന്ന വിഭാഗത്തില്‍ നാലാം സ്ഥാനവും കേരളത്തിനാണ്. മികച്ച ബിസിനസ് സാഹചര്യത്തില്‍ കേരളത്തിനു രണ്ടാം സ്ഥാനം ലഭിച്ചു.

ഒറ്റപ്പെട്ട ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാനത്തിന്റെ വ്യവസായ പുരോഗതിയെ തടയുന്നത് ശരിയല്ല. നിയമവും ചട്ടവും എല്ലാവരും അനുസരിക്കണം. അതിനെ വേട്ടയാടലായി കാണേണ്ടതില്ല. ആരെയും വേട്ടയാടാന്‍ ഈ സര്‍ക്കാര്‍ തയാറല്ല. അത് പല വ്യവസായികളും പരസ്യമായി സമ്മതിക്കുന്ന കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനയ്ക്കു കേന്ദ്രീകൃത സംവിധാനം ഒരുക്കി. എല്ലാ വ്യവസായ പാര്‍ക്കുകളിലും വ്യവസായങ്ങള്‍ക്ക് വേഗം അനുമതി ലഭിക്കുന്നതിനു ബോര്‍ഡ് രൂപീകരിച്ചു. നിക്ഷേപത്തിന് അനുകൂല സാഹചര്യം ഒരുക്കി. 30 വകുപ്പുകളുടെ അനുമതിക്കായി ഏകീകൃത അപേക്ഷ ഫോറം ലഭ്യമാക്കി. 30 ദിവസത്തിനകം തീരുമാനമെടുക്കണം. അല്ലെങ്കില്‍ വ്യവസായ യൂണിറ്റിന് അനുമതി ലഭിച്ചതായി കണക്കാക്കും. വ്യവസായ അന്തരീക്ഷം കൂടുതല്‍ സൗഹൃദമാക്കാന്‍ നിക്ഷേപ സൗഹൃദ അന്തരീക്ഷം നല്ല രീതിയില്‍ വളര്‍ത്തി കൊണ്ടുവരാനും സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ നല്ല രീതിയില്‍ തന്നെ മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top