പട്ടം പറത്തലില്‍ മരിച്ചവരുടെ എണ്ണം രണ്ടായി; ഇരുനൂറോളം പേര്‍ക്ക് പരുക്ക്

ജയ്പൂര്‍: മകരസംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പട്ടം പറത്തലില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ഇരുനൂറോളം പേര്‍ക്കു പരുക്കേറ്റു. പട്ടം പറത്തുന്നതിനിടെ ടെറസിനു മുകളില്‍നിന്നു വീണാണ് അമ്പതുകാരന് മരിച്ചത്. പരുക്കേറ്റ് ചികിത്സയിലായിരുന്ന സൗരഭ് എന്ന 26 കാരനും മരിച്ചു. പരുക്കേറ്റ മുപ്പതിലേറെ പേര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

കഴിഞ്ഞ വര്‍ഷവും പട്ടം പറത്തലില്‍ മൂന്നു പേര്‍ക്കു ജീവന്‍ നഷ്ടമായിരുന്നു. ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഗ്ലാസ് പൊടി ചേര്‍ത്തു ബലപ്പെടുത്തിയ നാരു കഴുത്തിലുണ്ടായിക്കിയ മുറിവുമൂലമാണ് കഴിഞ്ഞ വര്‍ഷം ബൈക്ക് യാത്രക്കാരനായ ഒരാള്‍ മരിച്ചത്. ഇത്തവണ ഈ നൂലിന്റെ നിരോധനം സര്‍ക്കാര്‍ കൂടുതല്‍ കര്‍ശനമാക്കിയിരുന്നു.

ഇതു വിറ്റ ഒരാളെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. പട്ടത്തിന്റെ നൂലില്‍ ഉടക്കി നൂറുകണക്കിനു പക്ഷികള്‍ക്കും ജീവഹാനിയും പരുക്കും നേരിട്ടിട്ടുണ്ട്.

Top