വിവിധ ആവശ്യങ്ങളുന്നയിച്ച് കര്‍ഷകരുടെ പാര്‍ലമെന്‍റ് മാര്‍ച്ച് ഇന്ന്

ന്യൂഡല്‍ഹി ; താങ്ങുവില ഉയര്‍ത്തുക, സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, കാര്‍ഷിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സി.പി.എം അനുകൂല കര്‍ഷക സംഘടനയുടെ നേതൃത്വത്തില്‍ സംയുക്ത സമിതിയുടെ പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന് നടക്കും.

രാവിലെ രാം ലീല മൈതാനിയില്‍ നിന്നാണ് മാര്‍ച്ച് തുടങ്ങുന്നത്. ഇന്നും നാളെയുമായി നടത്തുന്ന മാര്‍ച്ചില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഒരു ലക്ഷം കര്‍ഷകര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പറയുന്നു. റാലി നേരിടാന്‍ പൊലീസ് കര്‍ശന നിബന്ധനകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ (എഐകെഎസ്‌സിസി) നേതൃത്വത്തിലാണു പ്രക്ഷോഭം. 208 സംഘടനകളുടെ കൂട്ടായ്മയാണിത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ആന്ധ്ര, ബംഗാള്‍ മുഖ്യമന്ത്രിമാര്‍ എന്നിവരെ റാലിയിലേക്കു ക്ഷണിച്ചിട്ടുണ്ട്. ഈയിടെ മഹാരാഷ്ട്രയിലും മധ്യപ്രദേശിലും നടന്ന കര്‍ഷക റാലികളുടെ ചുവടുപിടിച്ചാണു ഡല്‍ഹിയിലെ റാലി.

Top