kiss of love protest against-shivasena moral policing

കൊച്ചി: ശിവസേനക്കാരുടെ ആക്രമണം ‘കിസ് ഓഫ് ലവിന്റെ’ തിരിച്ചു വരവിന് കളമൊരുക്കുന്നു.

വീട്ടിനകത്ത് ചെയ്യേണ്ടത് പുറത്ത് ചെയ്യുന്നതിനെതിരെ സി പി എം സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയന്‍ തന്നെ തളളി പറഞ്ഞിരുന്ന ചുംബന സമരമാണ് പുതിയ രൂപത്തില്‍ വീണ്ടും എത്തുന്നത്.

ശിവസേന പ്രവര്‍ത്തകര്‍ അക്രമം നടത്തിയ അതേ സ്ഥലത്ത് വ്യാഴാഴ്ച നാലുമണിക്ക് ചുംബന സമരം നടത്തി പ്രതിഷേധിക്കുമെന്നാണ് കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

സമാന ചിന്താഗതിക്കാരായ എല്ലാവര്‍ക്കും സ്വാഗതമെന്നാണ് കിസ് ഓഫ് ലവിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലെ ആഹ്വാനം.

അനുകൂല സാഹചര്യം മുന്‍നിര്‍ത്തി ഇത് വീണ്ടും വ്യാപകമാക്കാനും സംഘടനക്ക് നീക്കമുണ്ട് .

മുന്‍പ് ചുംബന സമരത്തിനെതിരെ ശിവസേനയടക്കമുള്ള പാര്‍ട്ടികള്‍ രംഗത്ത് വന്നപ്പോള്‍ പൊതു സമൂഹത്തിന്റെ പൊതുവികാരം ചുംബന സമരത്തിനെതിരായതിനാല്‍ പരിപാടി കിസ് ഓഫ് പ്രവര്‍ത്തകര്‍ക്ക് അവസാനിപ്പിക്കേണ്ടി വന്നിരുന്നു.

സദാചാര പൊലീസിങ്ങിനെതിരായ ഈ വ്യത്യസ്ത സമരമാര്‍ഗ്ഗത്തിന്റെ പ്രധാന സംഘാടകരായിരുന്ന രാഹുല്‍ പശുപാലനെയും ഭാര്യയെയും ഓണ്‍ലൈന്‍ പെണ്‍വാണിഭം ആരോപിച്ച് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തപ്പോള്‍ ‘പ്രതിരോധം’ പോലും ആരും മുഖവലക്കെടുക്കാതിരുന്നതും ചുംബന സമരത്തിനെതിരായ ജനവികാരം ഒന്നുകൊണ്ട് മാത്രമായിരുന്നു.

യഥാര്‍ത്ഥത്തില്‍ ഈ കേസില്‍ അന്ന് ക്രൈംബ്രാഞ്ച് ഓപ്പറേഷന് നേതൃത്വം കൊടുത്ത ‘ബിഗ് ഡാഡിയുടെ ബിഗ് തട്ടിപ്പായിരുന്നു’ നടന്നതെന്ന ആക്ഷേപം ഗൗരവമുള്ളതായിരുന്നു.

തന്റെ കാക്കിയില്‍ വീണ ‘പാപക്കറ കഴുകി കളയാനും’ മാധ്യമങ്ങളില്‍ മുഖം മിനുക്കാനും ‘ബിഗ് ഡാഡി’ നടത്തിയ ഇടപെടലാണോ രാഹുലിന്റെയും ഭാര്യയുടെയും അറസ്റ്റെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ എസ് വി പ്രദീപ് തന്നെ പരസ്യമായി ആരോപിച്ചിരുന്നു.

ചുംബന സമരത്തിനെതിരായി ഉയര്‍ന്നിരുന്ന ജനവികാരമാണ് ഈ ആക്ഷേപത്തെ മറികടക്കാന്‍ ക്രൈം ബ്രാഞ്ചിന് സഹായകരമായിരുന്നത്.

എന്നാല്‍ ഇപ്പോള്‍ പൊതു സമൂഹം ഒരിക്കല്‍ തിരസ്‌ക്കരിച്ച സമരമാര്‍ഗ്ഗവുമായി വീണ്ടും രംഗത്ത് വരാന്‍ ശിവസേനയുടെ തന്നെ മറൈന്‍ ഡ്രൈവിലെ ആക്രമണം കിസ് ഓഫ് ലൗ പ്രവര്‍ത്തകര്‍ക്ക് അവസരമൊരുക്കിയിരിക്കുകയാണ്. ഇനി പ്രതിഷേധവുമായി ആരെങ്കിലും രംഗത്ത് വന്നാല്‍ പൊലീസ് അടിച്ചോടിച്ചു കൊള്ളുമെന്നതാണ് ചുംബന സമരക്കാരുടെ ധൈര്യം.

നേരത്തെ ചുംബന സമരത്തിനെതിരായ നിലപാടാണ് പൊലീസ് പലയിടത്തും സ്വകരിച്ചിരുന്നതെങ്കില്‍ ഇനി അത്തരം നിലപാട് സ്വീകരിക്കാന്‍ അവര്‍ക്ക് ആവില്ല എന്നതാണ് സമരക്കാരുടെ കണക്കുകൂട്ടല്‍.പ്രത്യേകിച്ച് ശിവസേന ആക്രമണം തടയാതിരുന്നതിന് എസ് ഐയുടെ തൊപ്പി തെറിക്കുകയും പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍.

അതേസമയം ശിവസേനയുടെ സദാചാര പൊലീസിങ്ങിനെതിരെ എസ് എഫ് ഐ – ഡിവൈഎഫ്‌ഐ സംഘടനകള്‍ വ്യാഴാഴ്ച കാലത്ത് മുതല്‍ ‘സനേഹ ഇരുപ്പു സമരം’ മറൈന്‍ ഡ്രൈവില്‍ നടത്തുന്നുണ്ട്.

Top