Kiss of love activists Arrest is hiding allegations of the government

തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസ് ക്രൈംബ്രാഞ്ച് രാഷ്ട്രീയ ‘ആയുധ’മാക്കിയതോടെ പ്രതിരോധത്തിലായിരുന്ന സിപിഎം തിരിച്ചടി തുടങ്ങി.

ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സര്‍ക്കാരിന്റെ വികൃതമുഖം മറയ്ക്കാനാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഎം ആഞ്ഞടിക്കുന്നത്. ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ കോടതി നടത്തിയ പരാമര്‍ശവും സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാരിനെതിരെ സിപിഎം അനുഭാവികള്‍ ആയുധമാക്കുന്നുണ്ട്.

ബാര്‍ കോഴക്കേസില്‍ മന്ത്രി കെ ബാബുവിനും അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വി.എസ് ശിവകുമാര്‍ എന്നിവര്‍ക്കെതിരെയും കടുത്ത നിലപാട് സ്വീകരിച്ച് മുന്നോട്ടുപോയ സിപിഎമ്മിന് അപ്രതീക്ഷിതമായുണ്ടായ ഓണ്‍ലൈന്‍ പെണ്‍വാണിഭ വിവാദം പിറകോട്ടടിപ്പിച്ചിരുന്നു.

മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും അഴിമതിക്കേസ് വിട്ട് പെണ്‍വാണിഭത്തിന്റെ പിന്നാലെ പോയതിനാല്‍ ബാര്‍ കോഴക്കേസും പൊലീസ് നിയമന തട്ടിപ്പും മുങ്ങിപ്പോയതാണ് ഇടതുപക്ഷത്തിന് വിനയായിരുന്നത്.

ബാര്‍ കോഴക്കേസിന് പുറമെ പോലീസ് നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശരണ്യ, മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ മൊഴിയില്‍ ആഭ്യന്തര മന്ത്രിയുടെ ഓഫീസിന്റെ സഹായം തനിക്ക് ലഭിച്ചിരുന്നുവെന്ന് വ്യക്തമാക്കിയത് സിപിഎമ്മിന് വലിയ പിടിവള്ളി ആയിരുന്നു.

എന്നാല്‍ ഈ സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിരങ്ങള്‍ മാതൃഭൂമി ന്യൂസ് ചാനല്‍ ബ്രേക്ക് ചെയ്ത രാത്രി തന്നെ ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ ചുംബന സമര നേതാക്കളായ രാഹുല്‍ പശുപാലും ഭാര്യയും അറസ്റ്റിലായ വാര്‍ത്ത പുറത്തു വരികയായിരുന്നു.

ചില മാധ്യമങ്ങളുടെ സഹായത്തോടെ ക്രൈംബ്രാഞ്ച് ബോധപൂര്‍വ്വം വാര്‍ത്ത ലീക്ക് ചെയ്യുകയായിരുന്നുവെന്നാണ് സിപിഎം -ഡിവൈഎഫ്‌ഐ നേതാക്കള്‍ സംശയിക്കുന്നത്.

സംസ്ഥാനത്തിനകത്തും പുറത്തും കത്തിനിന്ന ഒരു സമരത്തിന്റെ മുന്നണി പോരാളികള്‍ തന്നെ പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായത് വലിയ വാര്‍ത്താ കുത്തൊഴുക്കിന് തന്നെ കാരണമായതോടെ സര്‍ക്കാരിനും മന്ത്രിമാര്‍ക്കുമെതിരായ ചര്‍ച്ചകളും വാര്‍ത്തകളും അപ്രത്യക്ഷമാവുകയായിരുന്നു.

വാര്‍ത്തയുടെ പ്രസക്തി ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്നതിന് വേണ്ടിയാണ് അന്വേഷണ വിവരങ്ങള്‍ ‘മസാലകൂട്ടി’ പത്രസമ്മേളനത്തിന് പുറമേ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് അന്വേഷണ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ നിഗമനം.

സദാചാര ഗുണ്ടായിസത്തിനെതിരായ പ്രതിഷേധമെന്ന നിലയില്‍ നടന്ന ചുംബന സമരത്തെ ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും പിന്തുണച്ചിരുന്നതിനാല്‍ രാഹുല്‍ പശുപാലന്റെയും ഭാര്യയുടെയും അറസ്റ്റ് സിപിഎമ്മിനെതിരായ ആക്രമണമായി സോഷ്യല്‍ മീഡിയയില്‍ മാറിയിരുന്നു.

സംഘ്പരിവാര്‍ സംഘടനകളും ഹനുമാന്‍ സേനയുമാണ് പ്രധാനമായും ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ സിപിഎമ്മിനെതിരെ ആയുധമാക്കിയിരുന്നത്. കത്തുന്ന വിഷയമായതിനാല്‍ സോഷ്യല്‍ മീഡിയയില്‍ കിട്ടുന്ന സ്വീകാര്യത ഉപയോഗപ്പെടുത്തിയായിരുന്നു നീക്കം. ചില തീവ്ര നിലപാടുകാരായ മുസ്ലീം സംഘടനയില്‍പ്പെട്ടവരും ഇക്കാര്യം ഏറ്റുപിടിച്ചിരുന്നു.

ചുംബന സമരത്തെ പിന്തുണച്ച് പ്രസ്താവനയിറക്കുകയും ചാനല്‍ ചര്‍ച്ചകളില്‍ നിലപാട് വ്യക്തമാക്കുകയും ചെയ്ത ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എം.ബി രാജേഷിനും കൈരളി ടി.വി എം.ഡി ജോണ്‍ ബ്രിട്ടാസിനെതിരെയുമായിരുന്നു വിമര്‍ശനങ്ങള്‍ ഏറെയും. ആദ്യ ദിവസങ്ങള്‍ ആക്രമണങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും ഇപ്പോള്‍ സിപിഎം-ഡിവൈഎഫ്‌ഐ അനുകൂലികള്‍ ശക്തമായ തിരിച്ചടി സോഷ്യല്‍ മീഡിയയില്‍ തുടങ്ങിയിട്ടുണ്ട്.

പോലീസ് നിയമന തട്ടിപ്പിലെ ആഭ്യന്തര മന്ത്രിയുടെ ‘തട്ടിപ്പിന്’ മറപിടിക്കാന്‍ ക്രൈംബ്രാഞ്ചിനെ ആഭ്യന്തര വകുപ്പ് രംഗത്തിറക്കിയ കാര്യം പറഞ്ഞാണ് സിപിഎം അനുഭാവികള്‍ തിരിച്ചടിക്കുന്നത്.

അന്‍പതിനായിരത്തിനും എണ്‍പതിനായിരത്തിനും രാഹുല്‍ പശുപാലിന്റെ ഭാര്യ ശരീരം വിറ്റെന്ന് പറയുന്നുണ്ടെങ്കില്‍ ആ തുക നല്‍കിയ മഹാന്മാരുടെ പേരും പുറത്തുവിടണമെന്നും അവര്‍ക്കെതിരെ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ലെന്നുമാണ് അവരുയര്‍ത്തുന്ന ചോദ്യം.

ഓണ്‍ലൈന്‍ പെണ്‍വാണിഭത്തില്‍പ്പെട്ട മുഴുവന്‍ ഉന്നതരുടെയും പേരുകള്‍ പുറത്ത് വിടണമെന്നും ഇരകളെയും ഇരകളെ ഉപയോഗിക്കുന്നവരെയും അതുവച്ച് കച്ചവടം നടത്തുന്നവരെയും ഒരേപോലെ കണ്ട് കര്‍ക്കശ നടപടി സ്വീകരിക്കണമെന്നുമാണ് ഇടതുപക്ഷ സംഘടനാ പ്രവര്‍ത്തകരുടെ ആവശ്യം.

Top