ഈ വര്‍ഷം പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളായ കബാലിയിലും പുലിമുരുകനിലും പ്രതിനായകനായി തിളങ്ങിയ കിഷോറിനെ പ്രേക്ഷകര്‍ മറന്നിട്ടുണ്ടാവില്ല.
പുലിമുരുകന്റെ മടയിലെത്തി കൊമ്പുകോര്‍ക്കുന്ന ഫോറസ്റ്റ് ഓഫീസറായും ഒപ്പംനിന്ന് കൊടുംശത്രുവായി മാറി കബാലിയെ ഇല്ലാതാക്കാന്‍ തന്ത്രങ്ങള്‍ മെനയുന്ന വീരശേഖരനായും ഈ നടന്‍ സ്‌ക്രീനിലെത്തിയപ്പോള്‍ പുതിയ അനുഭവമാണ് ആരാധകര്‍ക്ക് സമ്മാനിച്ചത്.
തമിഴിലെയും മലയാളത്തിലെയും സൂപ്പര്‍ താരങ്ങളുടെ പ്രതിനായകനായുള്ള കിഷോറിന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ നീണ്ടകാലത്തെ പ്രയത്‌നമുണ്ട്.
ചെറിയ റോളുകളില്‍ നിന്ന് ക്ഷമയോടെ കാത്തിരുന്ന് ദക്ഷിണേന്ത്യയിലെ നാലു ഭാഷാ സിനിമകളിലും വില്ലനായും സഹനടനായും ഒടുവില്‍ നായകനായും സ്വന്തമായൊരിടം കണ്ടെത്തിയ വളര്‍ച്ച.
തിരുവമ്പാടി തമ്പാന്‍, അച്ഛാ ദിന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് പുലിമുരുകനിലൂടെ കിഷോര്‍ വീണ്ടും മലയാളത്തില്‍ എത്തിയത്.
കന്നഡ സിനിമയില്‍ നിന്ന് കിഷോര്‍ തമിഴിലേക്കെത്തിയത് വെട്രിമാരന്‍ സംവിധാനം ചെയ്ത പൊല്ലാതവനിലൂടെയാണ്. അതിലെ സെല്‍വം എന്ന കഥാപാത്രം സ്ഥിരം പ്രതിനായക വേഷങ്ങളില്‍ നിന്നു വേറിട്ടുനിന്നു.
സിലമ്പാട്ടത്തിലെ വില്ലന്‍ ദുരൈസിംഗമായും വെണ്ണിലാ കബഡി കുഴുവിലെ കബഡി കോച്ചായും കരുത്തറിയിച്ചതോടെ തമിഴില്‍ കിഷോര്‍ സ്ഥാനമുറപ്പിക്കുകയായിരുന്നു. പൊലീസ്, വില്ലന്‍ വേഷങ്ങളില്‍ ആവര്‍ത്തിക്കപ്പെട്ടെങ്കിലും കന്നഡയിലും തെലുങ്കിലുമെല്ലാം ഒട്ടേറെ അവസരം ലഭിച്ചു.
അട്ടഹാസ (വനയുദ്ധം) എന്ന ചിത്രത്തില്‍ കാട്ടുകൊള്ളക്കാരന്‍ വീരപ്പനെ രൂപത്തിലും ഭാവത്തിലും ഗംഭീരമാക്കി. ഹരിദാസ് എന്ന ചിത്രത്തില്‍ ഓട്ടിസം ബാധിച്ച മകനുവേണ്ടി ജീവിക്കുന്ന പൊലീസുകാരനായ അച്ഛനായി ഉജ്വല അഭിനയം കാഴ്ചവെച്ചു.
ആടുകളം, തൂങ്കാവനം, വിസാരണൈ തുടങ്ങിയ ചിത്രങ്ങളിലും സ്വന്തമായ അഭിനയ ശൈലിയിലൂടെ ശ്രദ്ധേയനായി. വിജയ് സേതുപതിയുടെ പുതിയ ചിത്രം രെക്കയിലും കിഷോറുണ്ട്. ചുരുങ്ങിയ കാലം കൊണ്ടു തമിഴ് ഭാഷയില്‍ പ്രാവീണ്യം നേടിയ കിഷോര്‍, ഡയലോഗ് ഡെലിവറിയില്‍ പലപ്പോഴും രഘുവരനെ ഓര്‍മിപ്പിക്കും.
കന്നഡ, തമിഴ് , തെലുങ്ക് ഭാഷകളില്‍ ഒരു പിടി ചിത്രങ്ങളുടെ തിരക്കിലാണ് ഈ കലാകാരന്‍.