ത്രിപുരയിലെ അക്രമങ്ങളില്‍ രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് കിസാൻ സഭ

ദില്ലി: ത്രിപുരയിലെ അക്രമങ്ങളില്‍ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ത്താന്‍ കിസാൻ സഭ. മെയ് 20 മുതല്‍ 30 വരെ അക്രമങ്ങളെ കുറിച്ച് വിവിധ സംസ്ഥാനങ്ങളില്‍ പ്രചാരണം നടത്തും. വിഷയം മനുഷ്യാവകാശ കമ്മീഷന്‍ മുന്നില്‍ അവതരിപ്പിക്കും. ത്രിപുരയില്‍ പ്രതിനിധി സംഘം സന്ദ‌ർശനം നടത്തുമെന്നും കിസാൻ സഭ നേതാക്കള്‍ അറിയിച്ചു. പ്രതിപക്ഷ പാര്‍ട്ടികളെ പിന്തുണക്കുന്നവരുടെ ജീവിതോപാധി ഇല്ലാതാക്കും വിധമാണ് ബിജെപി ആർഎസ്എസും അക്രമം നടത്തുന്നതെന്നും നേതാക്കള്‍ ആരോപിച്ചു. ത്രിപുരയിൽ തെരഞ്ഞെടുപ്പ് സമയത്ത് വലിയ സംഘർഷമാണ് നടന്നത്. കൃഷിയിടം നശിപ്പിക്കുന്നു, കന്നുകാലികളെ കൊല്ലുന്നു. കൃഷിക്കാർക്ക് ചന്തയിൽ പോകാൻ കഴിയാത്ത സാഹചര്യം. പൊലീസ് പരാതികളിൽ കേസ് എടുക്കാൻ തയ്യാറാകുന്നില്ല. ബി ജെ പി യും ആർ എസ് എസും ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നുവെന്നും ത്രിപുര കിസാൻ സഭ നേതാവ് പബിത്ര കാർ പറഞ്ഞു. ബിജെപി ഉണ്ടാക്കുന്ന സംഘർഷം തുറന്ന് കാണിക്കാൻ പ്രതിനിധി സംഘം ത്രിപുര സന്ദർശിക്കും. അക്രമങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അറിവോടെയാണെന്നും കിസാന്‍ സഭ കുറ്റപ്പെടുത്തി.

Top