ബിജെപിക്കെതിരെ രാഷ്ട്രീയ പ്രഖ്യാപനവുമായി മുസഫര്‍ നഗറിലെ കിസാന്‍ മഹാ പഞ്ചായത്ത്

ലക്‌നൗ: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്കെതിരെ രാഷട്രീയ പ്രഖ്യാപനവുമായി മുസഫര്‍ നഗറിലെ കിസാന്‍ മഹാ പഞ്ചായത്ത്. വിവാദ നിയമങ്ങളുമായി മുന്നോട്ടു പോകുന്ന ബിജെപിയെ തോല്‍പ്പിക്കാന്‍ നേതാക്കള്‍ ആഹ്വാനം ചെയ്തു. യുപിയില്‍ ബിജെപിയെ കെട്ടു കെട്ടിക്കുമെന്ന് ബികെയു നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ ക്യാമ്പയിന്‍ നടത്തുമെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചു. ‘പ്രധാനമന്ത്രിയുടെ പേരില്‍ കര്‍ഷകര്‍ ക്യാമ്പയിന്‍ നടത്തും. ബിജെപിയും ചെയ്യുന്നത് അതുതന്നെയാണല്ലോ’. രാകേഷ് ടിക്കായത്ത് പരിഹസിച്ചു. ‘ഞങ്ങള്‍ പ്രധാനമന്ത്രിക്ക് പബ്ലിസിറ്റി നല്‍കുക മാത്രമാണ് ചെയ്യുന്നത്. രാജ്യത്തെ എല്ലാം വില്‍ക്കുന്ന പ്രവൃത്തിയാണ് അദ്ദേഹത്തിന്റേത്. വെള്ളം, വൈദ്യുതി തുടങ്ങിയവയെല്ലാം അദ്ദേഹം വില്‍ക്കുന്നു. ഞങ്ങളുടെ ക്യാമ്പയിന്‍ വഴി പ്രധാനമന്ത്രിക്ക് കൂടുതല്‍ പബ്ലിസിറ്റി ലഭിക്കും’. രാകേഷ് ടിക്കായത്ത് പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രചാരണം നടത്തുമെന്നും രാകേഷ് വ്യക്തമാക്കി. വാരാണസിയിലും ലഖ്‌നൗവിലും പ്രധാനമന്ത്രിക്കും ബിജെപിക്കും എതിരായി പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്താനാണ് കര്‍ഷക നേതാക്കളുടെ ലക്ഷ്യം. നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ തോല്‍പിക്കുക എന്ന ലക്ഷ്യത്തോടെ മിഷന്‍ യുപി, മിഷന്‍ പഞ്ചാബ്, മിഷന്‍ ഉത്തരാഖണ്ഡ് എന്നീ പദ്ധതികളും സംഘടന പ്രഖ്യാപിച്ചു.

അതേസമയം കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് ഈ മാസം 27 ലേക്ക് മാറ്റി. കേരളം അടക്കം പതിനഞ്ച് സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് കാര്‍ഷിക നിയമങ്ങള്‍ക്കും ബി ജെ പി സര്‍ക്കാരുകള്‍ക്കുമെതിരെ പ്രതിഷേധവുമായി മുസഫര്‍ നഗറിലേക്ക് എത്തിയത്. കലാപം നടന്ന മണ്ണില്‍ കൂട്ടായ്മ നടത്തിയതിലുടെ ബിജെപിക്ക് നല്‍കുന്നത് ശക്തമായ സന്ദേശമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.

Top