‘വെള്ളക്കാർ പറയുന്നതാണ് ചിലർക്ക് കാര്യം’, ബിബിസി വിവാദത്തിൽ പ്രതിപക്ഷത്തിനെതിരെ കേന്ദ്ര നിയമമന്ത്രി

ഡൽഹി : ബിബിസി വിവാദത്തിൽ പ്രതിപക്ഷത്തിനെതിരെ വീണ്ടും കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. വെള്ളക്കാർ പറയുന്നതാണ് ഇപ്പോഴും ചിലർക്ക് വലിയ കാര്യമെന്ന് കിരൺ റിജിജു ആരോപിച്ചു. ഇന്ത്യയെ കുറിച്ചുള്ള വെള്ളക്കാരുടെ നിലപാടാണ് അന്തിമമെന്നാണ് കരുതുന്നത്. ഇവിടുത്തെ സുപ്രീം കോടതിയും ജനങ്ങളുമൊന്നും അവർക്ക് വിഷയമല്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ഡോക്യുമെന്ററിയിലെ വെളിപ്പെടുത്തലുകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം വിമർശനം ശക്തമാക്കുമ്പോഴാണ് കേന്ദ്ര നിയമമന്ത്രിയുടെ പ്രതിരോധം. കൊളോണിയൽ അടിമത്തത്തിൽ നിന്ന് ചിലർ ഇപ്പോഴും മുക്തരായിട്ടില്ല. രാജ്യത്തിന്റെ അന്തസ്സിനേക്കാളും, സുപ്രീം കോടതിയേക്കാളും മുകളിലാണ് ചിലർ ബിബിസിയെ ചിത്രീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാക്കളെ ഉന്നമിട്ട് കിരൺ റിജിജു ട്വീറ്റ് ചെയ്തിരുന്നു. സുപ്രീംകോടതി തള്ളിക്കളഞ്ഞ ആരോപണങ്ങൾ വീണ്ടും ഉയർത്തി രാജ്യത്തിന്റെ അഭിമാനം തകർക്കുകയാണെന്നും, മനുഷ്യാവകാശം ബിബിസി പഠിപ്പിക്കേണ്ടെന്നും ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഡോക്യുമെന്ററിക്ക് പിന്നിലുള്ള ഗൂഢാലോചനയെകുറിച്ച് അന്വേഷിക്കണമെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു.

അതേ സമയം കലാപം നടന്ന 2002ല്‍ മോദി രാജിവയ്ക്കണമെന്ന് എ ബി വാജ്പേയി ആവശ്യപ്പെട്ടത് എന്തുകൊണ്ടാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു. ഡോക്യുമെന്ററി വിലക്ക് വിഷം നിറഞ്ഞതാണെന്നും മുൻ വിദേശകാര്യ സെക്രട്ടറിയും യുകെയിലെ മന്ത്രിതല സംഘങ്ങളിലുള്ളവരും നടത്തുന്ന വെളിപ്പെടുത്തലകളെ എങ്ങനെ തള്ളിക്കളായാനാകുമെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ പി സായ്നാഥും ചോദിച്ചു. അടിയന്തര ഘട്ടങ്ങളിൽ ഇടപെടാനുള്ള ഐടി നിയമത്തിലെ അധികാരമുപയോഗിച്ചാണ് ഇന്നലെ ഡോക്യുമെന്ററി ഉൾപ്പെടുന്ന യൂട്യൂബ് ലിങ്കുകളും ട്വീറ്റുകളും നീക്കം ചെയ്യാൻ വാർത്താ വിതരണ മന്ത്രാലയം സെക്രട്ടറി നിർദേശിച്ചത്. ഇതുവരെ നൂറോളം ട്വീറ്റുകൾ നീക്കം ചെയ്തെന്നാണ് സൂചന.

Top