ആഴിമലയിലെ കിരണിന്റെ മരണം: രണ്ടാം പ്രതി കീഴടങ്ങി

തിരുവനന്തപുരം: ആഴിമലയിലെ കിരൺ കുമാറിന്റെ മരണത്തിൽ പെൺ സുഹൃത്തിന്റെ സഹോദരൻ അറസ്റ്റിൽ. കിരൺ കുമാറിനെ തട്ടിക്കൊണ്ടുപോയ കേസിലെ രണ്ടാം പ്രതിയായ സജിത്ത് കുമാറാണ് അറസ്റ്റിലായത്. ഇന്ന് രാവിലെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇന്നലെ പെൺകുട്ടിയുടെ സഹോദരി ഭർത്താവ് രാജേഷും അറസ്റ്റിലായിരുന്നു. ഇരുവരേയും ഇന്ന് കോടതിയിൽ ഹാജരാക്കും. തട്ടിക്കൊണ്ടുപോയതിന് 10 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇരുവരുടേയും സുഹൃത്ത് അരുണിനെയാണ് ഇനി പിടികൂടാനുള്ളത്. കുളച്ചൽ തീരത്ത് കണ്ടെത്തിയ മൃതദേഹം കിരണിന്റേത് തന്നെയാണെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഡിഎൻഎ പരിശോധനയിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

തിരുവനന്തപുരം വിഴിഞ്ഞത്തിനടുത്ത് മൊട്ടമൂട് സ്വദേശിയാണ് കിരൺ. മൃതദേഹത്തിലെ കൈയ്യിലെ ചരടും കിരൺ കൈയ്യിൽ കെട്ടിയിരുന്ന ചരടും തമ്മിൽ സാമ്യമുണ്ടെന്ന് കിരണിന്റെ അച്ഛൻ മധു നേരത്തെ പറഞ്ഞിരുന്നു. മൃതദേഹം തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിലായിരുന്നു. രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് കിരൺ ആഴിമലയിലെ ഫേസ്ബുക്ക് സുഹൃത്തിനെ കാണാനെത്തിയത്. വീടിന് മുന്നിലെത്തി മടങ്ങുന്നതിനിടെ കിരണിനേയും സുഹൃത്തുക്കളേയും പെൺകുട്ടിയുടെ സഹോദരനും ബന്ധുക്കളും പിന്തുടർന്ന് പിടികൂടി. കിരണിനെ ബൈക്കിലും സുഹൃത്തുക്കളെ കാറിലും കയറ്റി ആഴിമലയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ബൈക്കിൽ കയറിയ കിരൺ ആഴിമല ഭാഗത്ത് എത്തിയില്ലെന്നും ബൈക്കിൽ നിന്ന് ഇറങ്ങി ഓടിയെന്ന് പിടിച്ചു കൊണ്ടുപോയവർ പറഞ്ഞെന്നുമാണ് കൂട്ടുകാരുടെ മൊഴി.

Top