Kiranmala serial issue

ധാക്ക: സീരിയലിന്റെ പേരില്‍ നടന്ന അടിപിടിയില്‍ നൂറോളം പേര്‍ക്ക് പരിക്കേറ്റു. പതിനഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബംഗ്ലാദേശിലെ ധോല്‍ ഗ്രാമത്തിലെ ഭക്ഷണശാലയിലാണ് സംഭവം നടന്നത്. ഇന്ത്യന്‍ സീരിയലായ കിരണ്മാലയുടെ കഥയെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. ദുഷ്ട ശക്തികളില്‍ നിന്നു മനുഷ്യവംശത്തെ രക്ഷിക്കുന്ന രാജകുമാരിയുടെ കഥ പറയുന്ന സാങ്കല്‍പ്പിക സീരിയലാണിത്.

സീരിയലിന്റെ ബുധനാഴ്ചത്തെ എപ്പിസോഡുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യേഗസ്ഥന്‍ യാസിനുള്‍ ഹാഖ് പറഞ്ഞു.
Untitled-1

റസ്റ്റോറന്റിലെ കത്തിയും മറ്റും ഉപയോഗിച്ചാണ് പരസ്പരം പരിക്കേല്‍പ്പിച്ചത്. അവിടത്തെ വസ്തുക്കള്‍ മുഴുവന്‍ നശിച്ചതായി പൊലീസ് പറയുന്നു. ബുധനാഴ്ച്ച രാത്രിയില്‍ തുടങ്ങിയ അടിപിടി പിറ്റേന്ന് കാലത്താണ് അവസാനിച്ചത്. തര്‍ക്കം അവസാനിപ്പിക്കാന്‍ പൊലീസിന് റബ്ബര്‍ ബുള്ളറ്റും കണ്ണീര്‍ വാതകവും പ്രയോഗിക്കേണ്ടി വന്നു.

ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകളെ സര്‍ക്കാര്‍ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിച്ചു. ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നതിനെതിരെ ചില ബംഗ്ലാദേശികള്‍ രംഗത്തെത്തിയിട്ടുണ്ട്. മുസ്‌ലിം ഭൂരിപക്ഷ രാജ്യത്ത് തങ്ങളുടെ സംസ്‌കാരത്തിന് നിരക്കാത്തതാണ് ഇന്ത്യന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നതെന്നാണ് ഇവരുടെ വാദം.

കഴിഞ്ഞ വര്‍ഷം സീരിയലിലെ രാജകുമാരി ധരിച്ചത് പോലുള്ള വസ്ത്രം മാതാപിതാക്കള്‍ വാങ്ങി നല്‍കാത്തതിതിനെ തുടര്‍ന്ന് മൂന്നു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തിരുന്നു.

Top