കിരാന സ്റ്റോറുകൾ വഴി സാധനങ്ങളെത്തിക്കാൻ റിലയൻസ് റീട്ടെയിൽ

ജിയോമാർട്ടിലൂടെയുള്ള നേരിട്ട് വില്പന റിലയൻസ് റീട്ടെയിൽ അവസാനിപ്പിക്കുന്നു. പലചരക്ക്, എഫ്എംസിജി ഉൽപ്പന്നങ്ങൾ തുടങ്ങിയവ ഇനി കിരാന സ്റ്റോറുകൾ വഴിയാണ് റിലയൻസ് റീട്ടെയിൽ വിൽപന നടത്തുക. ജിയോ മാർട്ടിൽ ഓർഡർ ചെയ്യുന്ന സാധനങ്ങൾ ഇനി അയൽപക്കത്തുള്ള കിരാന സ്റ്റോറുകൾ വഴിയാണ് ഉപഭോക്താക്കളിലെത്തിക്കുക. വൻകിട ഓൺലൈൻ പലചരക്ക് വ്യാപാര സ്ഥാപനങ്ങളായ ബിഗ് ബാസ്ക്കറ്റ്, ആമസോൺ, ഗ്രോഫേഴ്സ് എന്നിവയിൽ നിന്നും തീർത്തും വ്യത്യസ്തമായ വിപണന രീതിയാണിത്.

ജിയോ‌മാർ‌ട്ടിൽ‌ ഓർ‌ഡർ‌ ചെയ്യുകയും എന്നാൽ കിരാനകളിൽ സ്റ്റോക്കില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ റിലയൻസ് റീട്ടെയിൽ‌ അവ വിതരണം ചെയ്യുകയും വില‌ തുല്യമായി പങ്കിടുകയും ചെയ്യും. അതേസമയം, പഴങ്ങളും പച്ചക്കറികളും പോലുള്ള ഉത്പന്നങ്ങളുടെ വിൽപ്പന റിലയൻസ് റീട്ടെയിൽ തന്നെ തുടരും. റിലയൻസ് തങ്ങളുടെ ബിസിനസ് ടു ബിസിനസ് (ബി2ബി) ക്യാഷ് ആൻഡ് കാരി സ്റ്റോർ ഫോർമാറ്റായ റിലയൻസ് മാർക്കറ്റ് ഉപേക്ഷിക്കാനും തീരുമാനിച്ചു. ഇത് ബി 2 ബി ഉൽപ്പന്നങ്ങൾ കിരാനകളിലേക്ക് എത്തിക്കുന്നതിനുള്ള കേന്ദ്രങ്ങളാക്കും.

കിരാനയിൽ നിന്ന് ഉപയോക്താക്കൾക്ക് നേരിട്ടുള്ള വിൽപ്പന സംവിധാനം 30 നഗരങ്ങളിൽ ജിയോമാർട്ട് ജൂണിൽ ആരംഭിക്കും. 56,000 ലധികം കിരാനകൾ ജിയോമാർട്ടുമായി പങ്കാളികളായിട്ടുണ്ട്. ജിയോമാർട്ടിന് പ്രവർത്തനമുള്ളിടത്തെല്ലാം ഇത് നടപ്പാകും. ഏപ്രിൽ മാസത്തോടെ നൂറിലധികം നഗരങ്ങളിൽ കിരാനകളെ ചേർക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. റിലയൻസിൽ നിന്ന് കിരാനകളിലേക്ക് ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നതിനുള്ള സംവിധാനം പ്രാരംഭമായി ഇതിനോടകം തന്നെ പ്രവർത്തിക്കുന്നുണ്ട്.

Top