മുംബൈ ലക്ഷ്യത്തിലേക്ക്; കിംഗ്‌സ് ഇലവൻ പഞ്ചാബിനെതിരെ ആറു വിക്കറ്റ് ജയം

mumbai_punj

ഇൻഡോർ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് വിജയം. ആറു പന്ത് ബാക്കി നിൽക്കെയാണ് ആറു വിക്കറ്റിനാണ് മുംബൈ കിംഗ്‌സ് ഇലവൻ പഞ്ചാബിനെ പരാജയപ്പെടുത്തിയത്.

175 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ 19 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. ഓപ്പണിങ്ങിൽ സൂര്യകുമാർ യാദവും അഞ്ചാം വിക്കറ്റിൽ രോഹിത് ശർമ്മ-ക്രുണാൽ പാണ്ഡ്യ കൂട്ടുകെട്ടും പുറത്തെടുത്ത പ്രകടനമാണ് മുംബൈയുടെ വിജയം എളുപ്പമാക്കിയത്.

സൂര്യകുമാർ 42 പന്തിൽ ആറു ഫോറിന്റെയും മൂന്നു സിക്സിന്റെയും അകമ്പടിയോടെ 57 റൺസടിച്ചപ്പോൾ മറ്റൊരു ഓപ്പണറായ ലൂയിസ് 10 റൺസിന് പുറത്തായി. എന്നാൽ പിന്നീട് ക്രീസിലെത്തിയ ഇഷാൻ കിഷൻ 19 പന്തിൽ 25 റൺസ് സംഭാവന ചെയ്തു. ഹാർദിക് പാണ്ഡ്യ 13 പന്തിൽ 23 റൺസ് കണ്ടെത്തി. പിന്നീട് രോഹിത് ശർമ്മയും ക്രുണാലും ചേർന്ന് പുറത്താകാതെ 56 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കുകയായിരുന്നു. രോഹിത് 15 പന്തിൽ 24 റൺസും ക്രുണാൽ 12 പന്തിൽ 31 റൺസും കണ്ടെത്തി.

നേരത്ത ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 174 റൺസാണടിച്ചത്. 40 പന്തിൽ 50 റൺസ് നേടിയ ക്രിസ് ഗെയ്‌ലാണ് പഞ്ചാബിന്റെ ടോപ്പ് സ്‌കോറർ. കെ.എൽ രാഹുലും ഗെയ്‌ലും ചേർന്ന് മികച്ച തുടക്കമാണ് പഞ്ചാബിന് നൽകിയത്. ഇരുവരും ഓപ്പണിങ് വിക്കറ്റിൽ 6.4 ഓവറിൽ54 റൺസടിച്ചു. 24 റൺസെടുത്ത രാഹുലിനെ മർക്കൻഡെ പുറത്താക്കിയതോടെ ഈ കൂട്ടുകെട്ട് പൊളിഞ്ഞു.

പിന്നീട് ക്രീസിലെത്തിയ യുവരാജ് 14 പന്തിൽ 14 റൺസെടുത്ത് പുറത്തായി. കരുൺ നായർ 12 പന്തിൽ 23 റൺസടിച്ചപ്പോൾ 15 പന്തിൽ നിന്ന് പുറത്താകാതെ 29 റൺസാണ് സ്റ്റോയിൻസ് സംഭാവന ചെയ്തത്. സ്റ്റോയിൻസിന്റെ മികവിൽ ഇന്നിങ്‌സിലെ അവസാന രണ്ടു പന്തിൽ പത്ത് റൺസാണ് പഞ്ചാബ് നേടിയത്.

Top