സൗദിയില്‍ പ്രവാസികള്‍ക്കും പൗരന്മാര്‍ക്കും സൗജന്യ കോവിഡ് 19 ചികിത്സ

ജിദ്ദ: സൗദിയിലെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും കോവിഡ് 19 ചികിത്സ സൗജന്യമായി നല്‍കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉത്തരവ്. നിയമലംഘകരായി കഴിയുന്ന വിദേശികള്‍ക്കുള്‍പ്പെടെ ചികിത്സ ലഭ്യമാക്കണമെന്നാണ് രാജാവിന്റെ നിര്‍ദേശം. ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅയാണ് രാജാവിന്റെ ഉത്തരവിനെ കുറിച്ച് അറിയിച്ചത്. നിയമലംഘകരായ പ്രവാസികള്‍ ചികിത്സക്കെത്തമ്പോള്‍ നിയമപരായ വശങ്ങളൊന്നും പരിഗണിക്കാതെ ചികിത്സ നല്‍കണം.

പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായാണിതെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. കോവിഡ് പ്രതിരോധത്തിനും ചികിത്സക്കും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മില്‍ സജീവമായ സഹകരണത്തെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. രാജ്യം കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ മുന്‍കരുതലുകള്‍ എടുത്തിരുന്നു.

കോവിഡ് സാഹചര്യവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും വിലയിരുത്തുന്നണ്ടെന്നും മന്ത്രി പറഞ്ഞു. ഇതുവരെ കോവിഡ് 19ന് വാക്‌സിനൊന്നും കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ഇഖാമയുടെ കാലാവധി കഴിഞ്ഞും ഹുറൂബിലായും കഴിയുന്ന നിരവധി വിദേശികള്‍ക്ക് കൂടി ഗുണകരമാവും രാജാവിന്റെ ഉത്തരവ്.

Top