സ്വന്തം ബാഗും തൂക്കി എയര്‍ ഇന്ത്യ വിമാനത്തില്‍ ഒരു രാജാവ്; ഇത്ര സിംപിളാണോ സ്വീഡിഷ് രാജാവ്!

വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ സ്വന്തം ഭാര്യയെ കൊണ്ടുപോകാന്‍ അടവുകള്‍ പയറ്റുന്നവരാണ് നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാര്‍. ഇപ്പോള്‍ സ്വീഡനില്‍ നിന്നും എത്തിയ രാജാവിനെയും രാജ്ഞിയെയും കണ്ട് നമ്മുടെ നാട്ടുകാര്‍ അമ്പരന്നെങ്കില്‍ കുറ്റം പറയാന്‍ സാധിക്കില്ലല്ലോ! അഞ്ച്ദിവസത്തെ സന്ദര്‍ശനത്തിനാണ് സ്വീഡിഷ് രാജാവ് കാള്‍ ഗുസ്താഫ് ഫോക്ക് ഹുബെര്‍ട്ടസും, രാജ്ഞി സില്‍വിയ റെനാറ്റെ സോമര്‍ലാതും ഇന്ത്യയിലെത്തിയത്.

ദില്ലി വിമാനത്താവളത്തില്‍ എത്തിയ രാജാവിനെയും, രാജ്ഞിയെയും മന്ത്രി ബബുല്‍ സുപ്രിയോ സ്വീകരിച്ചു. സ്‌റ്റോക്ക്‌ഹോമില്‍ നിന്നും ഇന്ത്യയുടെ ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യ വിമാനത്തിലാണ് രാജദമ്പതികള്‍ സഞ്ചരിച്ചത്. എയര്‍ ഇന്ത്യ ട്വിറ്റര്‍ ഹാന്‍ഡില്‍ കാള്‍ രാജാവിന്റെയും, സില്‍വിയ രാജ്ഞിയുടെയും ചിത്രങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തു. സംഗതി വൈറലാകാന്‍ അധിക സമയം വേണ്ടിവന്നില്ല.

രാജാവും, രാജ്ഞിയും അവരുടെ ബാഗുകള്‍ സ്വയം കൈയില്‍ തൂക്കി എത്തിയതാണ് ഇതിന് കാരണം. ട്വിറ്റര്‍ ലോകം ഇവരുടെ രീതി കണ്ട് അമ്പരന്നെന്ന് ചുരുക്കം. സെലിബ്രിറ്റി പദവി നോക്കാതെ സിംപിളായി പ്രവര്‍ത്തിച്ചതാണ് ഇന്ത്യക്കാരെ ആകര്‍ഷിച്ചത്. എന്നാല്‍ വിഐപി സംസ്‌കാരം ഒക്കെ മാറ്റിവെച്ചാണ് കാള്‍ രാജാവ് ഇന്ത്യയില്‍ എത്തിയത്. സ്വന്തം പെട്ടിയും, കൈയില്‍ ഫയലും പിടിച്ചാണ് അദ്ദേഹം കാറില്‍ കയറിയതും.

സ്വീഡന്‍ രാജാവും, രാജ്ഞിയും കാര്യങ്ങള്‍ ഇത്ര സിംപിളാക്കി മാറ്റിയത് വളരെ പ്രചോദനകരമാണെന്ന് ഓണ്‍ലൈന്‍ ലോകം പ്രതികരിച്ചു. പ്രശസ്തി നേടി പത്തുപേര്‍ തിരിച്ചറിഞ്ഞ് പുകഴ്ത്താന്‍ ആഗ്രഹിക്കപ്പെടുന്ന ലോകത്താണ് ഈ മാറ്റവുമായി സ്വീഡിഷ് രാജദമ്പതികള്‍ വന്നിറങ്ങിയത്.

Top