ന്യൂയോർക്ക് ടൈം സ്ക്വയറിലും കിം​ഗ് ഓഫ് കൊത്ത; ലോകവ്യാപകമായി റിലീസിനൊരുങ്ങി ചിത്രം

ത്തവണത്തെ ഓണം റിലീസുകളിൽ പ്രധാനപ്പെട്ട ഒന്നാണ് ദുൽഖർ സൽമാൻ നായകനാവുന്ന കിം​ഗ് ഓഫ് കൊത്ത. ബഹുഭാഷകളിൽ എത്തുന്ന പാൻ ഇന്ത്യൻ ചിത്രത്തിന് ലോകവ്യാപകമായി റിലീസ് ഉണ്ട്. സമീപകാലത്ത് ഏറ്റവും മികച്ച പ്രൊമോഷണൽ പരിപാടികളോടെ റിലീസിന് ഒരുങ്ങുന്ന ചിത്രവും കിം​ഗ് ഓഫ് കൊത്തയാണ്. ഇപ്പോഴിതാ മലയാള സിനിമയുടെ പരസ്യപ്രചരണങ്ങളിൽ ഒരു പ്രധാന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. ലോകത്തെ ഏറ്റവും വിലയേറിയ പരസ്യ ബോർഡുകളുള്ള ന്യൂയോർക്ക് ടൈം സ്ക്വയറിലും ചിത്രത്തിൻറെ പ്രൊമോഷൻ നടന്നു. ഒരു മലയാള ചിത്രത്തിൻറെ പ്രൊമോഷൻ ആദ്യമായാണ് ഇവിടെ നടക്കുന്നത്.

സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റമായ ചിത്രത്തിന് ​ഗംഭീര പ്രീ ബുക്കിം​ഗ് ആണ് നടക്കുന്നത്. സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫെറർ ഫിലിംസും ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ റിലീസ് ഓ​ഗസ്റ്റ് 24 ന് ആണ്. മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി റിലീസിന് അഞ്ച് ദിവസം ബാക്കി നിൽക്കെ പ്രി ബുക്കിങ്ങിൽ ഒരു കോടിയിൽ പരം നേടിയ ചിത്രവുമാണ് കിം​ഗ് ഓഫ് കൊത്ത. പ്രമുഖ ടിക്കറ്റ് ബുക്കിം​ഗ് വെബ് സൈറ്റ് ആയ ബുക്ക് മൈ ഷോയിൽ ട്രെൻഡിങ് ലിസ്റ്റിലുമാണ് ചിത്രം.

ദുൽഖറിനോടൊപ്പം ഐശ്വര്യ ലക്ഷ്മി, ഷബീർ കല്ലറയ്ക്കൽ, പ്രസന്ന, ഗോകുൽ സുരേഷ് , ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. ഛായാഗ്രഹണം നിമീഷ് രവി, ജേക്സ്‌ ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

Top