‘കൊത്തയുടെ രാജാവ് വരുന്നു രാജകീയമായി’; ദുല്‍ഖര്‍ ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കി ഷമ്മി തിലകന്‍

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിംഗ് ഓഫ് കൊത്തയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കി ഷമ്മി തിലകന്‍. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ധ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെഡബ്ബിംഗ് പൂര്‍ത്തിയായ ശേഷം ഷമ്മി തിലകന്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

‘ഇത് ഗാന്ധിഗ്രാമമല്ല.. കൊത്തയാണ്..! എന്റെ മകന്റെ സാമ്രാജ്യം..! ഇവിടെ അവന്‍ പറയുമ്പോള്‍ രാത്രി..! അവന്‍ പറയുമ്പോള്‍ പകല്‍..! പകലുകള്‍ രാത്രികളാക്കി, രാത്രികള്‍ പകലുകളാക്കി അവനിത് പടുത്തുയര്‍ത്തി..! പട്ടാഭിഷേകത്തിനുള്ള മിനുക്കുപണികള്‍ അണിയറയില്‍ നടക്കുന്നു..! രാജപിതാവിന്റെ അഭിഷേകകര്‍മ്മം ഇന്നലെയോടെ പൂര്‍ത്തിയായി..! കൊത്തയുടെ രാജാവ് വരുന്നു..! രാജകീയമായി..! വിജയീഭവ:’, ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രമായ കൊത്ത രാജേന്ദ്രന്റെ അച്ഛന്‍ കൊത്ത രവിയായാണ് ഷമ്മി കിംഗ് ഓഫ് കൊത്തയില്‍ എത്തുന്നത്. അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. 95 ദിവസം നീണ്ട ചിത്രീകരണം തമിഴ്‌നാട്ടിലെ കരൈക്കുടിയിലാണ് ഫെബ്രുവരിയില്‍ അവസാനിച്ചത്. ആക്ഷന് പ്രാധാന്യമുള്ള ചിത്രമണ് കിംഗ് ഓഫ് കൊത്ത. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം എത്തും.

പ്രസന്ന (തമിഴ് താരം) ,ഷബീര്‍ കല്ലറക്കല്‍,ഐശ്വര്യാ ലക്ഷ്മി,നൈലാ ഉഷ, ചെമ്പന്‍ വിനോദ്, ഗോകുല്‍ സുരേഷ്, ശാന്തി കൃഷ്ണ,വടചെന്നൈ ശരണ്‍, അനിഖാ സുരേന്ദ്രന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ സംഗീതമൊരുക്കുന്നു.

സീ സ്റ്റുഡിയോസും വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഛായാഗ്രഹണം : നിമീഷ് രവി, സംഘട്ടനം : രാജശേഖര്‍, സ്‌ക്രിപ്റ്റ് : അഭിലാഷ് എന്‍ ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ : നിമേഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി: ഷെറീഫ് ,മേക്കപ്പ് : റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം : പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍ : ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ദീപക് പരമേശ്വരന്‍, മ്യൂസിക് : സോണി മ്യൂസിക്, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.

Top