അഡ്വാന്‍സ് ബുക്കിംഗിലും രാജാവായി കിംഗ് ഓഫ് കൊത്ത; അഡീഷണല്‍ ഷോകളും ഉണ്ടാകും

റിലീസിന് അഞ്ച് ദിവസം മാത്രം ബാക്കി നില്‍ക്കെ തിയേറ്ററുകളില്‍ ബുക്കിങ് തരംഗം തീര്‍ത്ത് ദുല്‍ഖര്‍ സല്‍മാന്റെ ബിഗ് ബജറ്റ് ‘കിംഗ് ഓഫ് കൊത്ത’. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന പ്രൊമോഷന്‍ പരിപാടി കൂടി കഴിഞ്ഞതോടെ ടിക്കറ്റ് വില്‍പ്പനയില്‍ വന്‍ വര്‍ദ്ധനയാണ് ചെന്നൈയിലടക്കം ഉണ്ടായിരിക്കുന്നത്. ആദ്യ ദിനം തന്നെ ബുക്കിങ് ഫുള്ളായതിനാല്‍ അധിക ഷോകളും കൂടി ചാര്‍ട്ട് ചെയ്തിരിക്കുകയാണെന്നാണ് വിവരം.

ആദ്യ ദിനത്തിലെ പ്രേക്ഷക പ്രതികരണങ്ങളെയും കളക്ഷനെയും മുന്‍നിര്‍ത്തി മാത്രം തിയേറ്ററുകള്‍ അധിക ഷോ ഏര്‍പ്പെടുത്തുന്നിടത്താണ് റിലീസിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ അഡീഷണല്‍ ഷോകളും ചാര്‍ട്ട് ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 24-നാണ് ചിത്രം റിലീസിനെത്തുന്നത്. ഒരു കോടി രൂപയ്ക്കടുത്ത് അഡ്വാന്‍സ് ബുക്കിങ്ങുകളാണ് ഇതുവരെ നടന്നിരിക്കുന്നത്.രാവിലെ ഏഴുമണിക്കാണ് ഫാന്‍ ഷോ. നൂറില്‍ കൂടുതല്‍ ഫാന്‍സ് ഷോകളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും മുടക്കുമുതലുള്ള മലയാള ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’.അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. ഐശ്വര്യ ലക്ഷ്മി ചിത്രത്തില്‍ നായികയാകുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയില്‍ മാസ് ഗ്യാങ്സ്റ്റര്‍ ചിത്രമായി ഒരുക്കുന്ന ചിത്രത്തില്‍ നടി ശാന്തി കൃഷ്ണയും ഒരു പ്രധാന കഥാപാത്രമായി എത്തും.

ജേക്‌സ് ബിജോയ്, ഷാന്‍ റഹ്മാന്‍ എന്നിവരാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ഛായാഗ്രഹണം:നിമീഷ് രവി, സ്‌ക്രിപ്റ്റ് : അഭിലാഷ് എന്‍ ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ : നിമേഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി: ഷെറീഫ് ,മേക്കപ്പ് :റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം :പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ :ദീപക് പരമേശ്വരന്‍, മ്യൂസിക് : സോണി മ്യൂസിക്, വിതരണം : വെഫേറര്‍ ഫിലിംസ്, പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

Top