വിമർശകർക്കുള്ള മറുപടിയുമായി കിം​ഗ് ഖാൻ; പഠാൻ 1000 കോടി നേട്ടത്തിൽ

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ ഷാരൂഖ് ഖാൻ ചിത്രം. അതുതന്നെയാണ് പഠാന് വേണ്ടി ഭാ​ഷാഭേദമെന്യെ സിനിമാ പ്രേമികള്‍ കാത്തിരുന്നത്. ചിത്രത്തിന്റേതായി പുറത്തുവന്ന ഓരോ അപ്ഡേറ്റുകളും ആരാധകർ ആഘോഷമാക്കി. ആദ്യ​ഗാനത്തോടെ വിവാദങ്ങളും ബ​ഹിഷ്കരണാഹ്വാനങ്ങളും പൊട്ടിപ്പുറപ്പെട്ടെങ്കിലും ഇവയൊന്നും തന്നെ ഷാരൂഖ് ചിത്രത്തെ ബാധിച്ചില്ല എന്നാതാണ് വാസ്തവം. റിലീസ് ദിനം മുതൽ നേടുന്ന ബോക്സ് ഓഫീസ് കളക്ഷൻ തന്നെ അതിന് തെളിവാണ്. ഇപ്പോഴിതാ ഇതുവരെയുള്ള കണക്ക് പ്രകാരം ഷാരൂഖ് ചിത്രം 1000 കോടി പിന്നിട്ടുവെന്ന വിവരമാണ് പുറത്തുവരുന്നത്. ‌

റിലീസ് ചെയ്ത് ഇരുപത്തേഴ് ദിവസങ്ങൾ പിന്നിടുമ്പോഴാണ് പഠാൻ 1000 കോടി നേടിയിരിക്കുന്നത്. ബോക് ഓഫീസ് വേൾഡ് വൈഡ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതോടെ ഏറ്റവും കൂടുതൽ വരുമാനം നേടിയ ഇന്ത്യൻ ചിത്രങ്ങളിൽ അഞ്ചാം സ്ഥാനത്ത് ഷാരൂഖ് ചിത്രം ഇടംപിടിച്ചു കഴിഞ്ഞു. ദം​ഗൽ (1914cr), ബാഹുബലി 2(1747cr) കെജിഎഫ് ചാപ്റ്റർ 2 (1190cr), ആർആർആർ(1174cr*) എന്നിവയാണ് പഠാന് മുന്നിലുള്ള സിനിമകൾ.

ഞായറാഴ്ച വരെയുള്ള പഠാന്റെ കളക്ഷൻ 996 കോടിയാണ്. പഠാന്റെ നിർമ്മാതാക്കളായ യാഷ് രാജ് ഫിലിംസ് ആണ് ഇക്കാര്യം അറിയിച്ചിരുന്നത്. ഈ കണക്കുകൾ വച്ച് നോക്കുമ്പോൾ 1000 കോടിയും കഴിഞ്ഞ് പഠാന്റെ കളക്ഷൻ മുന്നേറിയെന്ന് വിലയിരുത്താനാകും. ഹിന്ദിയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന സിനിമയും പഠാന്‍ ആണ്. ഏറ്റവും വേഗത്തില്‍ 500 കോടി ക്ലബ്ബില്‍ കയറിയ ഹിന്ദി ചിത്രമെന്ന ഖ്യാതിയും പഠാന് സ്വന്തം.

ജനുവരി 25നാണ് ഷാരൂഖ് ഖാന്‍ ചിത്രം റിലീസ് ചെയ്തത്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിൽ ദീപിക പദുക്കോൺ ആണ് നായികയായി എത്തിയത്. ജോൺ എബ്രഹാം പ്രതിനായക വേഷത്തിലും എത്തിയിരുന്നു. സൽമാൻ ഖാൻ അതിഥി വേഷത്തിൽ എത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങളും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത് ആമസോണ്‍ പ്രൈം വീഡിയോ ആണ്.

Top